യു എസില്‍ സ്ഥിരതാമസമാക്കിയ ഹൈദരാബാദ് സ്വദേശി മധു ബെല്ലം (47) ആണ് മോദിക്കുവേണ്ടി വിദേശത്തുനിന്ന് വോട്ട് ചോദിച്ച് എത്തിയത്. ഇതിനായി തന്റെ നാട്ടിലെ 1,500ഒാളം വോട്ടർമാരുടെ പേരുവിവരങ്ങൾ മധു ശേഖരിച്ചിട്ടുണ്ട്.
വാഷിങ്ടൺ: അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രണ്ടാം തവണയും അധികാരത്തില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശരാജ്യത്തുനിന്നും ഫോണ്‍ കോളുകള്‍. യു എസില്‍ സ്ഥിരതാമസമാക്കിയ ഹൈദരാബാദ് സ്വദേശി മധു ബെല്ലം (47) ആണ് മോദിക്കുവേണ്ടി വിദേശത്തുനിന്ന് വോട്ട് ചോദിച്ച് എത്തിയത്. ഇതിനായി തന്റെ നാട്ടിലെ 1,500ഒാളം വോട്ടർമാരുടെ പേരുവിവരങ്ങൾ മധു ശേഖരിച്ചിട്ടുണ്ട്.
ഐടി ഉദ്യോഗസ്ഥനായ മധു ബെല്ലം 20 വർഷത്തോളമായി അമേരിക്കയിൽ താമസിക്കുകയാണ്. 2011ലാണ് മധുവിന് യു എസ് പൗരത്വം നേടിയത്. കേന്ദ്രം ഭരിക്കുന്ന ബിജെപി ഇന്ത്യയുടെ സാമ്പത്തിക ശേഷി വികസിപ്പിക്കുമെന്നും അതിനാലാണ് അദ്ദേഹത്തിന് വേണ്ടി വോട്ട് ചോദിക്കുന്നതെന്നും മധു പറയുന്നു.
ബി ജെ പിക്ക് വേണ്ടി വോട്ട് ചെയ്യാൻ ഫോണിലൂടെ തന്റെ നാട്ടുകാരോട് അഭ്യർത്ഥിക്കുകയാണ്. കൂടാതെ ഇക്കാര്യം മണ്ഡലത്തിലാകെ പ്രചരിപ്പിക്കണമെന്നും ഫോണ്‍ വിളിക്കുന്നവരോട് നിര്‍ദേശിക്കുകയും ചെയ്യുന്നു. ബി ജെ പി പ്രവർത്തകർ തന്നെയാണ് ഫോൺ നമ്പറുകൾ ശേഖരിച്ച് നല്‍കിയത്. ഫോണിലൂടെ മോദിയുടെ പദ്ധതികളെക്കുറിച്ച്, പ്രധാനമായും മേക്ക് ഇൻ ഇന്ത്യയെക്കുറിച്ച് വോട്ടർമാരോട് സംസാരിക്കുമെന്നും മധു വ്യക്തമാക്കി.
നാട്ടിലെ പരിചയമുള്ളവർ,അടുത്ത ബന്ധുക്കൾ, പഴയ സ്കൂളിലെ സുഹൃത്തുക്കൾ എന്നിവർക്കൊക്കെ സന്ദേശങ്ങൾ അയക്കുന്നുണ്ട്. തങ്ങള്‍ക്ക് ജന്മ നാട്ടില്‍ പോയി വോട്ട് ചെയ്യാന്‍ സാധിക്കാത്തതിനാൽ അമേരിക്കയിൽ ബിജെപിയെ അനുകൂലിക്കുന്നവർ മുഴുവനും ഫോൺ വിളിച്ച് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടും. ഇത്തരത്തിലുള്ള ക്യാമ്പയിനുകൾ ഇന്ത്യയിലെ 90 കോടി വരുന്ന വോട്ടർമാരിൽ ചെറിയ സ്വാധീനം ചെലുത്തുന്നുമെന്ന് പ്രതീക്ഷിക്കുന്നതായും മധു കൂട്ടിച്ചേർത്തു.
