സാധാരണ ജനങ്ങള്‍ക്കായി പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയ്ക്കുമോയെന്നുള്ള ചോദ്യത്തിന് അതിന് ഉത്തരം പറയേണ്ടത് ധനമന്ത്രിയാണെന്നും ഗഡ്കരി വ്യക്തമാക്കി
മുംബെെ: രാജ്യത്ത് ഓരോ ദിവസവും വര്‍ധിക്കുന്ന ഇന്ധന വില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. മുംബെെയില്‍ മൂന്നാമത് ബ്ലുംബെര്‍ഗ് ഇന്ത്യ എക്കോണമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന വില വളരെ കൂടുതലാണ്.
അത് കൊണ്ട് ജനങ്ങള്‍ വലിയ പ്രശ്നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന സമയമാണെന്നും ഗഡ്കരി അംഗീകരിച്ചു. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ വിവരത്തിന്‍റെ ഉറവിടം ഗഡ്കരി വ്യക്തമാക്കിയിട്ടില്ല.
സാധാരണ ജനങ്ങള്‍ക്കായി പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറയ്ക്കുമോയെന്നുള്ള ചോദ്യത്തിന് അതിന് ഉത്തരം പറയേണ്ടത് ധനമന്ത്രിയാണെന്നും ഗഡ്കരി വ്യക്തമാക്കി. രാജ്യത്ത് ഇന്ധന വിലയില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ടെങ്കിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ കുറിച്ച് ഗഡ്കരിക്ക് ആശങ്കകള്‍ ഒന്നുമില്ല.
മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഗഡ്കരി പറഞ്ഞു. ഞങ്ങളെല്ലാവരും അദ്ദേഹത്തോട് ഒപ്പമുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
