ഇക്കാര്യത്തിൽ പ്രധാനമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്നാണ് ധനമന്ത്രിയുടെ തീരുമാനമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. നികുതി കുറയ്ക്കുന്ന കാര്യത്തിൽ സർക്കാരിൻറെ മൗനം തുടരുകയാണ്.

ദില്ലി: അനന്തമായി ഉയരുന്ന ഇന്ധനവിലയെ പിടിച്ചുകൊട്ടാന്‍ ധനമന്ത്രാലയം പ്രധാനമന്ത്രിയെ സമീപിച്ചു. ഇന്ധന നികുതി കുറയ്ക്കുന്ന കാര്യത്തില്‍ ഇനി പ്രധാനമന്ത്രിയാകും തീരുമാനം എടുക്കുക. ഇതിനിടെ ഇന്നും പെട്രോൾ ഡീസൽ വില കൂടി. സാമ്പത്തിപ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം സ്വീകരിച്ച നടപടികൾ പര്യാപ്തമല്ലെന്ന് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് കുറ്റപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

തിവനന്തപുരത്ത് പെട്രോളിന് 57 പൈസയാണ് കൂടിയത്. ലിറ്ററിന് 85 രൂപ 27 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 46 പൈസ കൂടി 78 രൂപ 92 പൈസയായി ഉയര്‍ന്നു. മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന വില. ധനസ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിൽ ഇന്ധനവില വര്‍ധന നേരിടാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തിരുന്നില്ല. 

വിലക്കയറ്റം നിയന്ത്രണ വിധേയമെന്നായിരുന്നു യോഗത്തിന്‍റെ വിലയിരുത്തൽ. ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്നാണ് ധനമന്ത്രാലയത്തിന്‍റെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ പ്രധാനമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്നാണ് ധനമന്ത്രിയുടെ തീരുമാനമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. നികുതി കുറയ്ക്കുന്ന കാര്യത്തിൽ സർക്കാരിൻറെ മൗനം തുടരുകയാണ്.

ബഡ്ജറ്റിൽ പ്രഖ്യാപിച്ച മൂലധന ചെലവ് വെട്ടിക്കുറയ്ക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. നികുതി പിരിവ് ലക്ഷ്യം കടക്കുമെന്നതാണ് ഇതിനു കാരണമായി പറയുന്നത്. അതേസമയം ഇന്ധനവില കുറയ്ക്കാൻ നടപടി ഇല്ലാത്തതിൽ കേന്ദ്രമന്ത്രിമാർക്ക് പോലും അമർഷമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ഈ വിലവർദ്ധനവ് പ്രതിപക്ഷത്തിന് ആയുധമാകുമെന്നും മുതിർന്ന മന്ത്രിമാരുൾപ്പടെ കരുതുന്നു.