സര്‍ക്കാര്‍, പെട്രോളിയം മേഖലകളിലെ പദ്ധതി നിര്‍വഹണത്തിനായി 753.5 ദശലക്ഷം ദിനാറിന്റെ ടെന്‍ഡറുകള്‍ക്ക് അനുമതി നല്‍കിയതായി കേന്ദ്ര ടെന്‍ഡര്‍ കമ്മിറ്റി അറിയിച്ചു. 2016 ലെ രണ്ടാമത്തെ ത്രൈമാസത്തില്‍ 54 ടെന്‍ഡറുകളിലായാണ് ഇത്രയും തുക പാസാക്കിയിരിക്കുന്നത്. ടെന്‍ഡറുകളുടെ മൊത്തം തുക ഒരുലക്ഷം കോടി ദിനാറായിരിക്കുമെന്ന് കണക്കാക്കുന്നതായി സെന്‍ട്രല്‍ ടെന്‍ഡര്‍ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ പറഞ്ഞു. പെട്രോളിയം മേഖലയില്‍ ഒന്‍പത് ടെന്‍ഡറുകളിലായി 65.4 ദശലക്ഷത്തിന്റെയും സര്‍ക്കാര്‍ മേഖലയില്‍ 45 ടെന്‍ഡറുകളിലായി 688.1 ദശലക്ഷം ദിനാറിന്റെയും ടെന്‍ഡറുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. 

ഹൗസിംഗ് വെല്‍ഫയര്‍ പൊതു അതോറിറ്റിയാണ് സര്‍ക്കാര്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഒറ്റ ടെന്‍ഡറില്‍ 288 ദശലക്ഷം ദിനാറിന്റെ പദ്ധതി നിര്‍വഹണത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. തൊഴില്‍ മന്ത്രാലയത്തിന് 241.9 ദശലക്ഷം ദിനാറിന്റെ അനുമതിയും ലഭിച്ചു. പെട്രോളിയം മേഖലയില്‍ അനുവദിച്ചിരിക്കുന്ന തുകയില്‍ സിംഹഭാഗവും ലഭിച്ചിരിക്കുന്നത് കുവൈറ്റ് ഓയില്‍ കമ്പനിക്കാണ്. 64.3 ദശലക്ഷം ദിനാര്‍. കുവൈറ്റ് പെട്രോളിയം കോര്‍പറേഷന് ഒരു ദശലക്ഷം ദിനാറും അനുവദിച്ചിട്ടുണ്ട്.