ഛണ്ഡീഗഡ്: മൂന്നു വര്‍ഷം മുന്‍പു കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ദളിത് പെണ്‍കുട്ടിയെ അതേ സംഘം വീണ്ടും ബലാത്സംഗം ചെയ്തു. ഹരിയാനയിലെ റോത്തക്കിലാണു സംഭവം. ആദ്യ കേസ് പിന്‍വലിക്കണമെന്ന ആവശ്യത്തിനു വഴങ്ങാതിരുന്നതിനെത്തുടര്‍ന്നാണ് 21കാരിയെ സംഘം വീണ്ടും ക്രൂരമായി പീഡിപ്പിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം. പെണ്‍കുട്ടി പഠിക്കുന്ന കോളജിനു സമീപമെത്തിയ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.

പെണ്‍കുട്ടിയുടെ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ പ്രതികളില്‍ രണ്ടു പേര്‍ ദളിതരാണ്. ആദ്യ കേസില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയവരാണിവര്‍. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഉര്‍ജിതമാക്കി.