സോനിപ്പത്ത്: ഹരിയാനയില്‍ സൈനികോദ്യോഗസ്ഥന്റെ പിതാവിനെയും സഹോദരനെയും അധോലോക നേതാവ് വെടിവെച്ചു കൊന്നു. തന്റെ സഹോദരന് വോട്ട് ചെയ്യാന്‍ വിസമ്മതിച്ചു എന്നാരോപിച്ചാണ് അധോലോക നേതാവ് അജയ് എന്ന കണ്ണു ചിക്കാര വെടിവെച്ചു കൊന്നതെന്ന് പൊലീസ് പറഞ്ഞു. 

സൈനികോദ്യോഗസ്ഥനായ മേജര്‍ സുശീല്‍ ചിക്കാരയുടെ പിതാവ് ജഗ്ബീര്‍ സിംഗ് (57), ഇളയ സഹോദരന്‍ അനില്‍ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കു നേരെ നിരന്തര വധ ഭീഷണികള്‍ ഉള്ള കാര്യം അറിയിച്ചിട്ടും പൊലീസ് അനാസ്ഥ കാണിച്ചതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. 

റോത്തക്കിനടുത്തുള്ള കാരേവാരി ഗ്രാമത്തിലൂടെ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ഇരുവരും വെടിയേറ്റ് മരിച്ചത്. ഈയിടെ ഗ്രാമ പഞ്ചായത്തിലെ സര്‍പഞ്ച് സ്ഥാനത്തേക്ക് മല്‍സരിച്ച കണ്ണു ചിക്കാരയുടെ സഹോദരന്‍ സഞ്ജയ് ചിക്കാര പരാജയപ്പെട്ടിരുന്നു. കൊല്ലപ്പെട്ട രണ്ടു പേരും ഇയാള്‍ക്ക് വോട്ട് ചെയ്യാന്‍ വിസമ്മതിച്ചതായി പറയപ്പെടുന്നു. ഇതാണ് കൊലയ്ക്കു കാരണമെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. 

പിതാവിനും സഹോദരനും വധ ഭീഷണി ഉള്ള വിവരം താന്‍ നേരിട്ട് സോനിപത് ഡിഎസ്പിയെ അറിയിച്ചിരുന്നതാണെന്നും പൊലീസ് ഇക്കാര്യം അവഗണിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും മേജര്‍ സുശീല്‍ ചിക്കാര പറഞ്ഞു.