ലോകകപ്പിലെ കുമ്പിടിയോ സൗത്ത് ഗേറ്റ്

സോച്ചി: ലോകകപ്പ് ക്വാര്‍ട്ടറില്‍ സ്വീഡനെതിരായ വിജയം ഇംഗ്ലീഷ് താരങ്ങൾ ആഘോഷിക്കുമ്പോള്‍ പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റ് എങ്ങനെ ഗ്യാലറിയിൽ ആരാധകർക്കിടയിലെത്തി. ലോകകപ്പ് സംപ്രേക്ഷണ ക്യാമറകളിൽ പതിഞ്ഞ ആ കാഴ്ച്ച ഏവരെയും ആദ്യം കണ്‍ഫ്യൂഷനാക്കി. എന്നാല്‍ പിന്നീടാണ് മനസിലായത് സൗത്ത്ഗേറ്റിന്‍റെ അപരനാണ് ഗാലറിയില്‍ ഇടംപിടിച്ചതെന്ന്. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചപ്പോള്‍ കാണികൾക്കിടയിൽ ബിയർ കുപ്പിയും പിടിച്ച് പിടിവിട്ട ആഘോഷത്തിലായിരുന്നു അപരന്‍. സൗത്ത് ഗേറ്റിന്‍റെ അതേ രൂപത്തിനൊപ്പം വേഷവിധാനങ്ങള്‍ കൂടിയാപ്പോള്‍ കാണികള്‍ അമ്പരന്നു. കമന്‍റേറ്റർമാരും ഇതെന്ത് സംഭവമെന്ന് പരസ്‌പരം ചോദിച്ച് നിൽക്കേ മൈതാനത്ത് ഒന്നുകൂടി ക്യാമറകൾ പരതി. അതാ നിൽക്കുന്നു ഇംഗ്ലണ്ടിന്‍റെ ബുദ്ധികേന്ദ്രമായ യഥാർഥ കക്ഷി. ഇതോടെ സംശയത്തിന് അറുതിയായെങ്കിലും അപരനെ തിരയുകയാണ് ഇപ്പോഴും ആരാധകര്‍. ഇംഗ്ലണ്ടിന്‍റെ സെമി പോരാട്ടത്തിലും സൗത്ത്ഗേറ്റിന്‍റെ അപരന്‍ എത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകരും ഇംഗ്ലീഷ് മാധ്യമങ്ങളും.