യെമനില്‍ ഭരണമാറ്റം അനിവാര്യമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി. ഇസ്ലാമിക് സ്റ്റേറ്റ്സിനെതിരായ പോരാട്ടം ശക്തമാക്കണമെന്നും യോഗം തീരുമാനിച്ചു. സൗദി അറേബ്യയിലെ റിയാദില്‍ ചേര്‍ന്ന ജിസിസി രാജ്യങ്ങളുടെയും യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുഖ്യാതിഥിയായിരുന്നു. യെമന്‍ സര്‍ക്കാരിനെതിരെ സായുധ സമരം നടത്തുന്ന ഹൂത്തി വിമതര്‍ക്ക് ഇറാന്‍ ആയുധം നല്‍കുന്നത് തടയുവാന്‍ ജിസിസി രാഷ്‌ട്രങ്ങളും അമേരിക്കയും തമ്മില്‍ ധാരണയായി. ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആസ്റ്റ്രണ്‍ കാര്‍ട്ടറും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. ഇറാനില്‍ നിന്ന് ആയുധങ്ങള്‍ യെമനില്‍ എത്തുന്നത് തടയുവാന്‍ അറബിക്കടലിലും ചെങ്കടലിലും അമേരിക്കയുമായിസംയുക്ത നാവിക പട്രോളിങ് നടത്താന്‍ തീരുമാനമായതായും സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ സയാനി വ്യക്തമാക്കി.ഇതിനായി ഈ മേഖലയില്‍ സംയുക്ത നാവിക സേനയെ വിന്യസിക്കും. മേഖലയില്‍ ഇറാന്‍ തുടരുന്ന പ്രകോപനപരമായ നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പ് നല്‍കിയ കാര്‍ട്ടര്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം സജീവമാക്കുവാന്‍ ജിസിസി രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതേസമയം ഇറാനുമായുള്ള ആണവ കരാര്‍ ഗള്‍ഫ് രാഷ്‌ട്രങ്ങളുടെ സുരക്ഷയെ ഒരു രീതിയിലും ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.