പിന്നോട്ടില്ലെന്ന് ജിഡിഎസ് ജീവനകാർ ഡിപ്പാർട്ട്മെന്റ് ജീവനകാർ സമരം പിൻവലിച്ചു തപാൽ മേഖല സ്തംഭനത്തിൽ
തിരുവനന്തപുരം: തപാൽ വകുപ്പിലെ ജിഡിഎസ് ജീവനക്കാരുടെ അനിശ്ചിതകാല സമരം പതിനൊന്നാം ദിവസവും തുടരുന്നു. തപാൽ വകുപ്പിലെ മറ്റു ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സമരം തുടരാനാണ് ജിഡിഎസ് ജീവനക്കാരുടെ തീരുമാനം. ശമ്പളപരിഷ്ക്കരണം നടപ്പാക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്.സമരം സ്കൂൾ കോളേജ് പ്രവേശനത്തെയും പെൻഷന്‍ വിതരണത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
രണ്ട് ലക്ഷത്തി അറുപതിനായിരത്തോളം വരുന്ന ജിഡിഎസ് ജീവനക്കാരാണ് സമരം തുടരുന്നത്.ധനമന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചിട്ടും ശമ്പള പരിഷ്കരണത്തിനായുള്ള കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ട് പോസ്റ്റൽ വകുപ്പ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.ദേശീയ തലത്തിൽ നടക്കുന്ന സമരം തപാൽ വകുപ്പിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ച് കഴിഞ്ഞു.
ജിഡിഎസ് ജീവനക്കാർക്ക് പിന്തുണയുമായി കേരളത്തിൽ കഴിഞ്ഞ പത്ത് ദിവസം ഡിപ്പാർട്ട്മെന്റ് ജീവനക്കാരും പണിമുടക്കിയിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയെതുടർന്ന് ഇവര്‍ സമരത്തില്‍ നിന്ന് പിന്‍മാറി. ഒരു മാസത്തിനകം ശമ്പള പരിഷ്ക്കരണം നടപ്പാവുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് യൂണിയൻ നേതാക്കൾ പറയുന്നു. എന്നാൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ജിഡിഎസ് ജീവനക്കാരുടെ നിലപാട്.
