ജോര്‍ജ് ബുഷ് ഉള്‍പ്പെടെ പല പ്രമുഖരും മുൻ നിരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയാതിര്‍ത്തികള്‍ക്കപ്പുറമുള്ള ബന്ധങ്ങളെക്കുറിച്ച് മുന്‍ സെനറ്റര്‍ ജോ ലിബര്‍മാന്‍ പ്രസംഗിക്കുമ്പോഴാണ് രസകരമായ സംഭവം നടന്നത്
വാഷിംഗ്ടണ്‍: മുതിര്‍ന്ന അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മെക്കെയ്‌ന്റെ ശവസംസ്‌കാരച്ചടങ്ങിനെ തുടര്‍ന്ന് നടന്ന പരിപാടിക്കെത്തിയതായിരുന്നു ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും. ചടങ്ങിനിടെ നടന്ന ചെറിയ സംഭവമാണ് വീഡിയോ വൈറലായതോടെ ശ്രദ്ധ നേടിയത്.
നിരവധി പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ മുന്‍ നിരയിലായിരുന്നു ഇരുവരും ഇരുന്നത്. ജോര്‍ജ് ബുഷ് ഉള്‍പ്പെടെ പല പ്രമുഖരും ഇവരോടൊപ്പമുണ്ടായിരുന്നു. രാഷ്ട്രീയാതിര്‍ത്തികള്‍ക്കപ്പുറമുള്ള ബന്ധങ്ങളെക്കുറിച്ച് മുന്‍ സെനറ്റര്‍ ജോ ലിബര്‍മാന്‍ പ്രസംഗിക്കുന്നതിനിടെയാണ് രസകരമായ സംഭവം നടന്നത്. ജോര്‍ജ് ബുഷ് ഒരു ചെറിയ കഷ്ണം മിഠായി മിഷേല്‍ ഒബാമയ്ക്ക് കൈമാറി. എന്താണ് നീട്ടുന്നതെന്ന് അറിയാതിരുന്ന മിഷേല്‍ മിഠായി കണ്ടയുടന്‍ ചിരിച്ച് 'താങ്ക്യൂ' എന്ന് പറയുന്നതും വീഡിയോയില്‍ കാണാം. തൊട്ടടുത്തിരിക്കുന്ന ഒബാമ പ്രസന്നമായ ചെറുചിരിയോടെ ഇത് വീക്ഷിക്കുന്നതും വ്യക്തമാണ്.
രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ വക്താക്കളായിട്ടും ഒബാമയും ബുഷും തമ്മിലുള്ള സാമൂഹിക ബന്ധത്തിന്റെ തെളിവാണ് സംഭവമെന്നാണ് ട്വിറ്ററില്‍ വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോയ്ക്ക് വന്‍ അഭിനന്ദനങ്ങളും കയ്യടിയുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
