ബെര്‍ലിന്‍: ബോറടി മാറ്റാന്‍ ഒരു നഴ്സ് കൊലപ്പെടുത്തിയത് നൂറിലധികം കൊലപാതകങ്ങള്‍. അതും സേവനം ചെയ്യുന്ന ആശുപത്രിയിലെ രോഗികളെ തന്നെ. ആര്‍ക്കും സംശയം ജനിപ്പിക്കാത്ത രീതിയില്‍ 106 കൊലപാതകങ്ങളാണ് നാല്‍പത്തൊന്ന് വയസുള്ള നഴ്സ് ചെയ്തത്. ജര്‍മനിയിലെ ഡെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയിലെ അഞ്ച് രോഗികളുടെ അസ്വഭാവിക മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് 106 രോഗികളുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നഴ്സിലേയ്ക്കെത്തിച്ചത്. 

നീല്‍സ് ഹോഗല്‍ എന്ന ജര്‍മന്‍ നഴ്സാണ് സമൂഹമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകങ്ങള്‍ക്ക് പിന്നില്‍. മരുന്നുകള്‍ വ്യത്യസ്ത അനുപാതത്തില്‍ കുത്തിവച്ച് രോഗികളെ കൊലപ്പെടുത്തുന്നത് നീല്‍സിന് വിനോദം മാത്രമായിരുന്നു. 2015ല്‍ ആശുപത്രിയില്‍ നടന്ന അസ്വഭാവിക മരണത്തിന് ഉത്തരവാദിയെന്ന നിലയിലാണ് നീല്‍സ് പിടിയിലാകുന്നത് എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ മരണങ്ങള്‍ വെളിയില്‍ വന്നത്. 1999 മുതല്‍ 2005 വരെയുള്ള കാലയളവില്‍ ഇയാല്‍ വിവിധ ആശുപത്രികളില്‍ സേവനം ചെയ്തിട്ടുണ്ട്. മിക്ക മരണങ്ങളും ഹൃദയസ്തംഭനം എന്ന രീതിയില്‍ ആയതിനാല്‍ സ്വാഭാവികം മാത്രമായി കണക്കാക്കി പോയതാണ് ഇയാളെ രക്ഷപെടുത്തിയത്. 

2005 ല്‍ ഇയാള്‍ ഒരു രോഗിയില്‍ മരുന്ന് കുത്തി വയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. അന്ന് കൃത്യസമയത്ത് ചികിത്സ ലഭ്യമായതിനെ തുടര്‍ന്ന് രോഗിയെ രക്ഷിക്കാന്‍ സാധ്യമായിരുന്നു. സംഭവം പുറത്തായതോടെ ഇയാല്‍ ഹോസ്പിറ്റലില്‍ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് 2008ല്‍ ആണ് ഇയാള്‍ പിടിയിലാകുന്നത്. ഹോഗലിന് കോടതി 2015ല്‍ ജീവപരന്ത്യം ശിക്ഷ വിധിച്ചിരുന്നെങ്കില്‍ കൂടിയും ഇയാള്‍ എത്ര പേരെ കൊലപ്പെടുത്തിയെന്ന വിവരം കൃത്യമായി അറിയില്ലായിരുന്നു. പിന്നീട് വിശദമായ കെമിക്കല്‍ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ കൊലപാതക പരമ്പരയുടെ വിവരങ്ങള്‍ പുറത്തറിയുന്നത്.