ജർമ്മനിയിലേക്ക് പോകുമ്പോൾ സംസ്ഥാനത്തെ സ്ഥിതിഗതികൾ ഗുരുതരമായിരുന്നില്ലെന്ന മന്ത്രി കെ രാജുവിന്റ വാദം പൊളിയുന്നു. കോട്ടയത്തെ സ്വാതന്ത്രദിന പരേഡിൽ പങ്കെടുത്ത് സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: ജർമ്മനിയിലേക്ക് പോകുമ്പോൾ സംസ്ഥാനത്തെ സ്ഥിതിഗതികൾ ഗുരുതരമായിരുന്നില്ലെന്ന മന്ത്രി കെ രാജുവിന്റ വാദം പൊളിയുന്നു. കോട്ടയത്തെ സ്വാതന്ത്രദിന പരേഡിൽ പങ്കെടുത്ത് സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
16-ാം തീയതിയാണ് മന്ത്രി കെ രാജു ജർമ്മനിക്ക് പോകുന്നത്. തൊട്ടുതലേദിവസം കോട്ടയം പൊലീസ് ഗൗണ്ടിൽ നടന്ന സ്വാതന്ത്രദിനപരേഡിൽ മന്ത്രിയായിരുന്നു മുഖ്യാതിഥി. കോരിച്ചൊരിയുന്ന മഴയത്തായിരുന്നു ചടങ്ങ്. മഴക്കെടുതിയിൽ തകർന്ന വീടുകളും റോഡുകളും പുനർനിർമ്മിക്കുന്നതിന് എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം പ്രസംഗം നിർത്തിയത്.
ശക്തമായ മഴ കാരണം പരേഡിനോടുബന്ധിച്ച് നിശ്ചയിച്ചിരുന്ന കുട്ടികളുടെ പരിപാടികൾ മന്ത്രിയുടെ അറിവോടെയാണ് റദ്ദാക്കിയത്. ഒരു മാസം മുൻപ് കോട്ടയം വെള്ളത്തിനടിയിലായപ്പോൾ ജില്ലയുടെ ചുമതലയുള്ള മന്ത്രി എത്താത്തത് വലിയ വിവാദമായിരുന്നു. വിമർശനം ശക്തമായപ്പോഴാണ് മന്ത്രി അന്ന് കോട്ടയത്ത് എത്തിയത്.