തിരുവനന്തപുരം: ചിറ്റാര്‍ യന്ത്രഊഞ്ഞാലില്‍ നിന്നും കുട്ടികള്‍ വീണ് മരിച്ച സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറി തലത്തില്‍ അന്വേഷണം വേണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. മരിച്ച കുട്ടികളുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി എം സുധീരന്‍. അതേസമയം, അന്വേഷണം തൃപ്തികരമല്ലായെന്ന് കാണിച്ച് കോടതിയെ സമിപിക്കാന്‍ ഒരുങ്ങുകയാണ് കുട്ടികളുടെ ബന്ധുക്കള്‍.

സെപ്തംബര്‍ ഏട്ടിന് രാത്രിയിലാണ് അപകടം ഉണ്ടായത്.അഞ്ച് വയസ്സ് പ്രായമുള്ള കുട്ടി അന്ന് രാത്രി തന്നെ മരിച്ചിരുന്നു.പരിക്കേറ്റ സഹോദരി ഏതാനും ദിവസം മുന്‍പാണ് മരിച്ചത്.സംഭവം നടന്ന അന്നുമുതല്‍ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. ചിറ്റാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല. ഇതില്‍ അതൃപതി അറിയിച്ചു ബന്ധുക്കള്‍ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് പത്തനംതിട്ട ഡി വൈ എസ് പിയെ അന്വേഷണ ചുമതല ഏല്‍പിച്ചത്. 

ഇതിലും അതൃപ്തിഉണ്ടന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചീഫ് സെക്രട്ടറി തലത്തില്‍ അന്വേഷണം വേണമെന്ന് മരിച്ച കുട്ടികളുടെ വീട് സന്ദര്‍ശിച്ചശേഷം വി എം സുധിരന്‍ പറഞ്ഞു.

കെ എസ് ഇ ബി ഫയര്‍ഫോഴ്‌സ്, പൊതുമരാമത്ത് പൊലിസ് വകുപ്പുകളുടെ റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമെ പഞ്ചായത്ത് കാര്‍ണിവലുകള്‍ക്ക് അനുമതി നല്‍കാന്‍ പാടുള്ളു എന്നാല്‍ ഇതെന്നും കിട്ടാതെ വിനോദ നികുതി മാത്രം സ്വികരിച്ച് കാര്‍ണിവെലിന് അനുമതി നല്‍കിയ നടപടിയാണ് വിവാദമായിരിക്കുന്നത്. 

ആറ് പേരെ പ്രതി ചേര്‍ത്ത് കേസെടുത്തു. എഫ് ഐ ആറില്‍ പഞ്ചായത്തിന്റെറ നടപടിയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പഞ്ചായത്ത് അധികൃതരുടെ മുഖംരക്ഷിക്കുന്ന തരത്തിലാണ് എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമിപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.