ചാന്ദ്ഗഡ്: നിര്‍ദേശിച്ച പ്രൊജക്ട് ചെയ്ത് തീര്‍ക്കാതിരുന്ന പതിമൂന്നുകാരിയ്ക്ക് സ്കൂളില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനം. കടുത്ത വെയിലത്ത് 500 സിറ്റ് അപ്പ് അധ്യാപകന്‍ ശിക്ഷയായി നല്‍കി. ശിക്ഷാനടപടിക്കിടെ തളര്‍ന്നു വീണ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ചാന്ദ്ഗഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. 

കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് സ്കൂളിലെ പ്രധാന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 325, 337, 506 എന്നിവയാണ് അധ്യാപകനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അശ്വിനി ദേവന്‍ എന്ന അധ്യാപകനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് സ്കൂള്‍ മാനേജ്മെന്റ്. ഹോംവര്‍ക്ക് കൃത്യമയത്ത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സ്കൂളില്‍ ഇത്തരം ശിക്ഷാനടപടികള്‍ സാധാരണമാണെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.