പാമ്പിനെ വാങ്ങിയത് വൈനുണ്ടാക്കാൻ ഓൺലൈൻ‌ പോർട്ടൽ വഴി പാമ്പ് കടിച്ച് മരിച്ച് എട്ടുദിവസങ്ങൾക്ക് ശേഷം ബോഡി കണ്ടെത്തി
ചൈന: കാശു കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി എന്നൊരു ചൊല്ലുണ്ട്. എന്നാൽ കാശു കൊടുത്ത് കടിക്കുന്ന പാമ്പിനെ വാങ്ങി അതേ പാമ്പിന്റെ കടിയേറ്റ് മരിക്കാനായിരുന്നു ചൈനീസ് യുവതിയുടെ വിധി. ചൈനയിൽ സർവ്വസാധാരണമായ സ്നേക്ക് വൈൻ നിർമ്മിക്കാൻ വേണ്ടിയാണ് സുവാൻസുവാൻ എന്ന ഓൺലൈൻ പോർട്ടൽ വഴി യുവതി പാമ്പിനെ വാങ്ങിയത്. എങ്ങനെയാണ് പാമ്പ് യുവതിയെ പാമ്പ് കടിച്ചതെന്ന് വ്യക്തമല്ല. എട്ടു ദിവസങ്ങൾക്ക് ശേഷം യുവതിയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ചൈനയിലെ ഷാൻക്സിയിലെ വടക്കൻ പ്രദേശത്തുള്ള ഇരുപത്തൊന്നുകാരിയാണ് മരിച്ചത്. യുവതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
തെക്കൻ പ്രവിശ്യയിലെ ഗുവാൻഡോംഗിലെ ഒരു വിൽപ്പനക്കാരനിൽ നിന്നാണ് ഉഗ്രവിഷമുള്ള പാമ്പ് യുവതിയുടെ പക്കലെത്തിയത്. ഒരു പ്രാദേശിക കൊറിയർ കമ്പനിയാണ് പാക്കറ്റ് യുവതിയുടെ വീട്ടിലെത്തിച്ചത്. എന്നാൽ പാക്കറ്റിൽ എന്തായിരുന്നു എന്ന് തങ്ങൾക്കറിയില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. പാമ്പുകളെ മദ്യത്തിലിട്ട് പുഴുങ്ങിയാണ് ഈ പരമ്പരാഗത വൈൻ നിർമ്മിക്കുന്നത്. ഇ സമയത്ത് പാക്കറ്റ് തുറന്നപ്പോഴാകാം പാമ്പ് കടിച്ചതെന്ന് വീട്ടുകാർ പറയുന്നു. കടിച്ചതിന് ശേഷം പാമ്പ് രക്ഷപ്പെട്ടതായാണ് പ്രദേശവാസികൾ പറഞ്ഞത്. എന്നാൽ വനംവകുപ്പ് യുവതിയുടെ വീടിന് സമീപത്ത് നിന്ന് പാമ്പിനെ കണ്ടെടുത്തു. വന്യമൃഗങ്ങളെ ഓൺലൈൻ വ്യാപാരം നടത്തുന്ന കാര്യത്തിൽ പോർട്ടലുകൾക്ക് വിലക്കുണ്ട്. ഈ വിലക്കിനെ മറികടന്നാണ് ചൈനയിൽ വിൽപ്പന നടന്നിരിക്കുന്നത്. ചൈനയിൽ ഓൺലൈൻ പോർട്ടലുകൾക്ക് വൻഡിമാന്റാണ്.
