തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍  ചികില്‍സയിലിരിക്കെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവവത്തില്‍ അന്വേഷഷണം ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയത്

കൊച്ചി: തിരുവനന്തപുരം ആര്‍സിസിയില്‍ നിന്നും എച്ച്.ഐ.വി ബാധിച്ചെന്ന് സംശയിച്ച പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രക്തസാമ്പിളുകളും മെഡിക്കല്‍ റിപോര്‍ട്ടും അടക്കമുള്ള രേഖകള്‍ ശേഖരിച്ചു വയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ആര്‍.സി.സിക്ക് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ഹൈക്കോടതി അടിയന്തരമായി ഹര്‍ജി പരിഗണിക്കുകയായിരുന്നു.

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയിലിരിക്കെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവവത്തില്‍ അന്വേഷഷണം ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മരിച്ച സാഹചര്യത്തിലാണ് രക്തസാമ്പിളും ആന്തരികാവയങ്ങളും മെഡിക്കല്‍ രേഖകളും സൂക്ഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. 

രക്താബുര്‍ദം ബാധിച്ച കുട്ടിയെ ആര്‍.സി.സിയില്‍ ചികില്‍സക്കെത്തിച്ചപ്പോള്‍ നടത്തിയ രക്ത പരിശോധനയില്‍ എച്ച്.ഐ.വി നെഗറ്റീവായിരുന്നു. രക്തം സ്വീകരിച്ച ശേഷമുള്ള പരിശോധനയിലാണ് എച്ച്.ഐ.വി പോസിറ്റീവെന്ന് കണ്ടെത്തിയത്. പിന്നീട് മറ്റിടങ്ങളില്‍ നടത്തിയ പരിശോധനയിലും എച്ച്.ഐ.വി പോസിറ്റീവാണെന്ന് വ്യക്തമായി. ആര്‍.സി.സിയുടെ തന്നെ ബ്ലഡ് ബാങ്കില്‍ നിന്നാണ് കുട്ടിക്ക് രക്തം കയറ്റിയത്.കാന്‍സര്‍ ചികില്‍സക്ക് ആശുപത്രിയിലെത്തിച്ച കുട്ടിയെ അധികൃതരുടെ അനാസ്ഥ മൂലം എച്ച്.ഐ.വി രോഗിയാക്കിയെന്നുമാണ് ഹരജിയില്‍ പറയുന്നത്