ദില്ലി: ആധാറില്ലാത്തതിനാല്‍ ഒമ്പത് വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍. ദില്ലിയിലെ ഗവണ്‍മെന്റ് ആശുപത്രിയിലാണ് സംഭവം. ചികിത്സ നിഷേധിച്ചത് ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര ആരോഗ്യ മന്തി ജെപി നഡ്ഡ സംഭവത്തില്‍ ഇടപെടുകയും  പെണ്‍കുട്ടിയെ ദില്ലിയിലെ തന്നെ സാഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒമ്പത് വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച വിവരം സംസ്ഥാന ബിജെപി പ്രസിഡന്റ് മനോജ് തിവാരിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യ തലസ്ഥാനത്തെ എന്തിനാണ് കെജ്രിവാൾ ജി ഇങ്ങനെ വിഭജിക്കുന്നത്‌? ഈ പെൺകുട്ടിക്ക് ചികിത്സ കിട്ടിയില്ലെങ്കിൽ ഈ നവരാത്രി ആഘോഷ വേളയിൽ മറ്റെന്ത് നല്ല കാര്യമാണ് സംഭവിക്കാൻ പോകുന്നത് നഡ്ഡ ജി ?-, മനോജ് തിവാരി ട്വീറ്റിൽ കുറിച്ചു. ഒപ്പം അദ്ദേഹം കേന്ദ്ര ആരോഗ്യമന്ത്രിയെ ടാ​ഗ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ്  പെൺകുട്ടിയെ  സാഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയിച്ചുകൊണ്ടുളള നഡ്ഡയുടെ ട്വീറ്റ് പുറത്ത് വന്നത്. 

കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡോക്ടർമ്മാർക്ക് പെൺകുട്ടിയുടെ ആരോ​ഗ്യ നിലയിൽ ആശങ്കയുള്ളതായും 
അവളുടെ ആരോഗ്യത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അതേ സമയം ഒരോ മിനിട്ട് കഴിയുന്തോറും പെൺകുട്ടിയുടെ ആരോ​ഗ്യനില മോശമാവുകയാണെന്നും എത്രയും വേ​ഗം കുട്ടിയെ കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതായും സാഫ്ദര്‍ജങ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് അറയിച്ചു.