ഗുരുഗ്രാമില്‍നിന്ന് 116 കിലോമീറ്റര്‍ അകലെ ഒരു ബസ് സ്റ്റാന്‍റിന് സമീപം പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. 

ദില്ലി: സിബിഎസ്‍സി പരീക്ഷയില്‍ ഒന്നാമതെത്തി പ്രസിഡന്‍റിന്‍റെ പുരസ്കാരം സ്വന്തമാക്കിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. 19 കാരിയായ കൊളേജ് വിദ്യാര്‍ത്ഥിനിയെ ആണ് ഹരിയാനായിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ നിന്ന് വ്യാഴാഴ്ച തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തതത്. ഗുരുഗ്രാമില്‍നിന്ന് 116 കിലോമീറ്റര്‍ അകലെ ഒരു ബസ് സ്റ്റാന്‍റിന് സമീപം പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. 

കോച്ചിംഗ് സെന്‍ററിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഒരു പാടത്തേക്ക് വലിച്ചുകൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ മൂന്ന് പേരെ കൂടാതെ കുച്ച് പേര്‍ കൂടി പാടത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. എല്ലാവരും തന്‍റെ ഗ്രാമത്തിലുള്ളവരാണെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. 

പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ആരെങ്കിലും കേസ് എടുക്കുമെന്ന പ്രതീക്ഷയില്‍ ഒരു പൊലീസ് സ്റ്റേഷനില്‍നിന്ന് മറ്റൊന്നിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. എന്നാല്‍ ബന്ധുക്കളുടെ ആരോപണം റെവാരി പൊലീസ് നിഷേധിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.