വിജയവാഡ: മൊബൈല്‍ ഫോണില്‍ അധിക സമയം സംസാരിച്ചത് മാതാപിതാക്കളോട് പറയുമെന്ന ബന്ധുക്കളുടെ ഭീഷണിയെ തുടര്‍ന്ന് ഒന്‍പതാം ക്ലാസുകാരി തൂങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ ഹെഡ് കിങ്ങ്സ്റ്റണ്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച ലിഖിത. മാതാപിതാക്കള്‍ ജോലിക്കായി ചെന്നൈയിലേക്ക് പോയതായിരുന്നു. 

അടുത്ത വീട്ടില്‍ താമസിക്കുന്ന മാതാവിന്‍റെ സഹോദരിയാണ് പെണ്‍കുട്ടിയുടെ കാര്യം നോക്കിയിരുന്നത്. മൂന്ന് ദിവസമായി ലിഖിത സ്കൂളില് പോയിരുന്നില്ല. അമിതമായി ഫോണില്‍ സംസാരിച്ചത് ബന്ധുക്കള്‍ കാണുകയും ഇത് മാതാപിതാക്കളോട് പറയുമെന്നും പെണ്‍കുട്ടിയോട് ഇവര്‍ പറഞ്ഞിരുന്നു. 

ശനിയാഴ്ച 10 മണിക്ക് ലിഖിതയെ ഇവര്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഞായറാഴ്ച രാവിലെ എത്തിയ ലിഖിതയുടെ അമ്മ വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്. പെണ്‍കുട്ടി തൂങ്ങിനില്‍ക്കുന്ന കാഴ്ചയാണ് വാതില്‍ പൊളിച്ചെത്തിയ അമ്മ കണ്ടത്. മൂന്ന് ദിവസമായിട്ട് സ്കൂളില്‍ പോയില്ലെന്നതും ഫോണില്‍ അമിതമായി സംസാരിച്ചതും അമ്മ അറിയുമെന്ന പേടിയാണ് മരണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.