'വീട്ടുജോലിയും കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയുമാണ് അമ്മ അവിടെ ചെയ്തിരുന്നത്. ജൂലൈയില്‍ അമ്മയുടെ ആരോഗ്യത്തിന് ചില ബുദ്ധിമുട്ടുകളുണ്ടായി'

ഹൈദരാബാദ്: സൗദി അറേബ്യയിലെ റിയാദില്‍ തെലങ്കാന സ്വദേശിനി കൊല്ലപ്പെട്ടതായി പരാതി. 41കാരിയായ ഷഹീന്‍ കൊല്ലപ്പെട്ടുവെന്ന് മകള്‍ ബസീനയാണ് അറിയിച്ചത്. അമ്മ മരിച്ചുവെന്ന് സ്‌പോണ്‍സര്‍ വിളിച്ചറിയിച്ചുവെന്നും എന്നാല്‍ അത് കൊലപാതകമാകാനേ സാധ്യതയുള്ളൂവെന്നുമാണ് ബസീന പറയുന്നത്. 

ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്താണ് അമ്മയെ ഏജന്റ് വിദേശത്തേക്ക് കൊണ്ടുപോയതെന്നും എന്നാല്‍ അവിടെയെത്തിയപ്പോള്‍ കബളിപ്പിക്കുകയായിരുന്നുവെന്നുമാണ് ബസീന പറയുന്നത്. 

'അമ്മയെ ആദ്യം കൊണ്ടുപോയത് ദുബായിലേക്കാണ്. ഇതിന് ശേഷമാണ് സൗദി അറേബ്യയിലേക്ക് മാറ്റിയത്. 2016 മുതല്‍ അമ്മ സൗദിയിലാണ് ജോലി ചെയ്യുന്നത്. വീട്ടുജോലിയും കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയുമാണ് അമ്മ അവിടെ ചെയ്തിരുന്നത്. ജൂലൈയില്‍ അമ്മയുടെ ആരോഗ്യത്തിന് ചില ബുദ്ധിമുട്ടുകളുണ്ടായി. അതിന് ശേഷം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. അവിടെവച്ച് സ്‌പോണ്‍സര്‍ അമ്മയെ നിരന്തരം ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു'- ബസീന പറഞ്ഞു. 

ഇന്നലെ പെട്ടെന്ന് സൗദിയില്‍ നിന്ന് ഷഹീന്റെ സ്‌പോണ്‍സര്‍ വിളിച്ച് ഷഹീന്‍ മരിച്ചെന്ന് മാത്രം അറിയിക്കുകയായിരുന്നുവെന്നും മരണകാരണമോ മറ്റ് വിശദാംശങ്ങളോ അറിയിച്ചില്ലെന്നും ബസീന പറയുന്നു. അമ്മയുടെ മരണം കൊലപാതകമാണെന്ന കാര്യത്തില്‍ സംശയമില്ലാത്തതിനാല്‍ വേണ്ടത് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ബസീനയുടെ ആവശ്യം. ഇക്കാര്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബസീന പറഞ്ഞു.