ലക്നൗ: ഉത്തര്‍പ്രദേശിലെ ഡിയോറിയയില്‍ 12-ാം ക്ലാസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മകന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്ത് തീക്കൊളുത്തി മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആടക്കം ആറ് പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി ഗൗരി ബസാര്‍ പൊലീസ് ഇന്‍സ്‌പെക്റ്റര്‍ അനില്‍ കുമാര്‍ വ്യക്തമാക്കി. കുട്ടിയുടെ മുത്തശ്ശി നല്‍കിയ പരാതിയിലാണ് നടപടി. നാല് പേരെ പിടികൂടി പൊലീസ് ചോദ്യം ചെയ്തു. ഒളിവിലായ ആറ് പേര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. മുഖ്യ പ്രതി പ്രിന്‍സിപ്പാളിന്റെ മകനാണെന്നും പൊലീസ്.
ഇയാള്‍ പെണ്‍കുട്ടിയെ പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക് വിളിച്ച് വരുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് കണ്ടെത്തിയ ആള്‍ പെണ്‍കുട്ടിയുടെ സഹോദരനെ ഉടന്‍ വിവരമറിയിക്കുകയായിരുന്നു. സഹോദരന്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിന്റെ മകനെ മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ സുഹൃത്തുക്കളുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സഹോദരനെ ആക്രമിക്കുകയും ചെയ്തിരുന്നു.
