പ്രണയാഭ്യർത്ഥന നിരസിച്ച 17 കാരന്റെ മുഖത്ത് പെൺകുട്ടി ആസിഡ് ഒഴിച്ചു
ധാക്ക: ബംഗ്ലാദേശില്‍ പ്രണയാഭ്യർത്ഥന നിരസിച്ച 17 കാരന്റെ മുഖത്ത് ആസിഡ് ഒഴിച്ച പെണ്‍കുട്ടി അറസ്റ്റില്‍. ആസിഡ് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ധാക്ക സ്വദേശിയായ മഹ്‌മുദുൽ ഹസൻ മറൂഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 16 കാരിയായ പെൺകുട്ടിയെയും അമ്മയെയും ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയതിനുശേഷം വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് മഹ്‌മുദുലിനെ പെണ്‍കുട്ടി ആക്രമിച്ചത്. വഴിയിൽ മഹ്മുദുലിനെ തടഞ്ഞു നിർത്തിയശേഷം പെൺകുട്ടി പ്രണയാഭ്യർത്ഥന നടത്തി. ഏതാനും മാസങ്ങളായി പെൺകുട്ടി പ്രണയാഭ്യർത്ഥനയുമായി ശല്യം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. അവസാന നിമിഷവും പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന മഹ്‌മുദുൽ നിരസിച്ചതാണ് പെണ്‍കുട്ടിയെ പ്രകോപിപ്പിച്ചത്. മഹ്‌മുദുലിന്റെ മുഖം മുഴുവൻ പൊളളലേറ്റിട്ടുണ്ട്. വലതുതോളിനും പൊളളലേറ്റിട്ടുണ്ട്.
പൊള്ളല്‍ പൂര്‍ണമായും മാറിയാലും, പാടുകള്‍ അവശേഷിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തെ തുടര്‍ന്നുണ്ടായ മാനസികാഘാതവും മഹ്‍മൂദുലിനെ തളര്‍ത്തിയിട്ടുണ്ട്. മകന് സംഭവിച്ച ദുരിതത്താല്‍ അമ്മയും മനസ്സ് തളര്‍ന്നിരിക്കയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തിന്റെ പിറ്റേദിവസം തന്നെ പെൺകുട്ടിയെയും അമ്മയെയും അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് ആസിഡ് സംഘടിപ്പിച്ചു കൊടുത്തത് അമ്മയാണെന്ന് പൊലീസ് പറഞ്ഞു.
