ചണ്ഡിഗഡ്: തന്നെ സ്‌കൂളില്‍ പീഡനത്തിന് ഇരയാക്കിയതായി പരാതിപ്പെട്ട് പ്രധാനമന്ത്രിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഊമക്കത്ത്. രണ്ട് സ്‌കൂള്‍ ജീവനക്കാര്‍ പീഡിപ്പിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് സ്‌കൂള്‍ ജീവനക്കാര്‍ക്കെതിരെ ഹരിയാന പോലീസ് കേസെടുത്തുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സോനിപ്പത്ത് ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ ജീവനക്കാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്ൂകളില്‍വെച്ച് തന്നെ ജീവനക്കാര്‍ ബലാത്സംഗം ചെയ്തു, ഇതിനു പിന്നാലെ ഹോട്ടലിലേയ്ക്ക് നിര്‍ബന്ധിച്ച് കൊണ്ടു പോയി. താന്‍ സ്‌കൂളില്‍ പ്രിന്‍സിപ്പാളിനോടും, സ്‌കൂള്‍ ഡയറക്ടറോടും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് കത്തില്‍ വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു.
ഇനിയും നടപടി ഉണ്ടായില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി കത്തില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഊമക്കത്ത് ലഭിച്ചതിനു പിന്നാലെ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഹരിയാന പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. കേസിന്റെ തുടരന്വേഷണത്തിന് പെണ്‍കുട്ടി മുന്നോട്ട് വരണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്
