പട്ടികയില്‍ വിട്ടുപോയവരെ കൂട്ടിചേര്‍ക്കുമെന്ന് സംഘാടകസമിതി

കോഴിക്കോട്: നിപ നിയന്ത്രണ വിധേയമാക്കിയവര്‍ക്കുള്ള സ്‌നേഹാദര‌ പട്ടികയില്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ കൂട്ടിചേര്‍ക്കുമെന്ന് മേയർ‌ തോട്ടത്തിൽ രവീന്ദ്രനും ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശേരിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിപ നിയന്ത്രണത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഓരോരുത്തരും ആദരം അര്‍ഹിക്കുന്നവരാണ്. വൈറസ് ബാധ നാടിനെ വിറപ്പിച്ച ദുരന്തമായിരുന്നെങ്കിലും പെട്ടെന്ന് തന്നെ രോഗത്തെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞത് വലിയ വിജയമായിരുന്നെന്ന് അവർ പറഞ്ഞു. 

നിപ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ച കേന്ദ്ര ആരോഗ്യസംഘത്തെ ആദരിക്കൽ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന വിവാദത്തെ തുടർന്നായിരുന്നു വിശദീകരണം. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്‍റാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത്. വൈറസ് ബാധ 16 ജീവനുകളെ കവര്‍ന്നെടുത്ത് ദുരന്തമായി പരിണമിച്ച് നാടിനെ നടുക്കിയപ്പോള്‍ സമര്‍പ്പണബോധത്തോടെ ചികിത്സയും സുരക്ഷാ നടപടികളും ഏകോപിപ്പിക്കാന്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും വിവിധ സന്നദ്ധസംഘടനാ പ്രതിനിധികളെയുമാണ് ആദരിക്കുന്നത്. 

ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് ടാഗോര്‍ഹാളില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 275 പേരെയാണ് ചടങ്ങില്‍ ആദരിക്കുക. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി കണ്‍വീനറുമായ സംഘാടകസമിതിയാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നത്. നിപ ബാധയുടെ വിവിരം അറിഞ്ഞതുമുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രംഗത്തെത്തിയ മന്ത്രിമാര്‍ മുതല്‍ ശുചീകരണ തൊഴിലാളികള്‍ വരെ ആദരിക്കുന്നതില്‍പെടും. രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ്, മക്കള്‍ എന്നിവരും വൈറസ് ബാധയില്‍ നിന്ന് മുക്തിനേടിയ ഉബീഷ്, അജന്യ തുടങ്ങിയവരും ചടങ്ങിനെത്തും. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, കെ.കെ ശൈലജ, എ.കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. 

എന്‍സിഡിസി ടീമിലെ ഡോ. ഷൗക്കത്തലി, മരിച്ചവരുടെ സംസ്‌കാരത്തിന് നേതൃത്വം നല്‍കിയ ഡോ. ഗോപകുമാര്‍, ആരോഗ്യവകുപ്പ് ഡയറക്റ്റര്‍ ഡോ. സരിത, ജില്ലാ കലക്റ്റര്‍ യു.വി ജോസ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. അരുണ്‍കുമാര്‍, ബേബി മെമ്മോറിയല്‍ ആസ്പത്രിയിലെ ഡോ. അനൂപ് തുടങ്ങിയവര്‍ ആദരിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. ആദരിക്കപ്പെടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, വെസ്റ്റ്ഹില്‍ ശ്മശാനത്തിലെ ജീവനക്കാരന്‍ അജിത്കുമാര്‍, ശിവപാദം ഐവര്‍മഠത്തിലെ ജീവനക്കാര്‍ തുടങ്ങിയവരെയെല്ലാം ആദരിക്കും. വെസ്റ്റ്ഹില്‍ അതിഥിമന്ദിരത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് 12 ടീമുകളായി പ്രവര്‍ത്തിച്ചവരെയും ആദരിക്കും.