ഗ്ലോബല്‍ വില്ലേജില്‍ നടന്ന വര്‍ണപകിട്ടാര്‍ന്ന ചടങ്ങിലാണ് ഇരുപത്തിയൊന്നാം പതിപ്പിന്റെ പ്രഖ്യാപനം നടന്നത്. നവംമ്പര്‍ ഒന്നു മുതല്‍ 2017 ഏപ്രില്‍ എട്ടുവരെയായി 159 ദിവസം മേള നീണ്ടു നില്ക്കും. ഇന്ത്യയുള്‍പ്പെടെ 30 രാജ്യങ്ങളുടെ പവലിയനുകള്‍ ഈ വര്‍ഷം സന്ദര്‍ശകരെ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 1.7 കോടി ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കിയ വേദിയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്ചകളും ഉല്പന്നങ്ങളും അണിനിരക്കും. 12,000ലേറെ കലാസാംസ്‌കാരിക പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

എല്ലാ ദിവസവും പവലിയനിലെ കലാപരിപാടികള്‍ക്കുപുറമെ കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സംവിധാനം ചെയ്തിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രത്യേക വെടിക്കെട്ട് ഉണ്ടായിരിക്കും. എല്ലാ ദിവസവും നടക്കുന്ന വിദേശ സംഗീതജ്ഞരുടെ പ്രകടനം ഇത്തവണത്തെ സവിശേഷതയാണ്. 19 റെസ്റ്റോറന്റുകളും 35000ലേറെ ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും മേളയുടെ ഭാഗമാകും. ഒരേസമയം 18000ലേറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.