മുംബൈ: ആശുപത്രി ഉദ്ഘാടന ചടങ്ങിന് എത്താതിരുന്ന ഡോക്ടര്‍ക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ആശുപത്രി ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‍രാജ് അഹിറാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ഡോക്ടറെ വിമര്‍ശിച്ചത്. നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേരാന്‍ പറഞ്ഞായിരുന്നു മന്ത്രിയുടെ അധിക്ഷേപം.
അവധിയില്‍ പോയതില്‍ തുടര്‍ന്നാണ് ഡോക്ടര്‍ ചടങ്ങിനെത്താതിരുന്നത്. എന്നാല്‍ ജനാധിപത്യത്തില്‍ വിശ്വാസമില്ലെങ്കില്‍ പോയി നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേരുന്നതാണ് നല്ലതെന്ന് പറഞ്ഞ മന്ത്രി എങ്കില്‍ നിങ്ങളെ ഷൂട്ട് ചെയ്യും എന്നും ആവര്‍ത്തിച്ചു.
മഹാരാഷ്ട്രയില്‍ നക്സല്‍ സാന്നിദ്ധ്യമുള്ള പ്രദേശമാണ് ചന്ദ്രപൂര്‍. ചടങ്ങ് ഉണ്ടെന്ന് അറിഞ്ഞിട്ടും ഡോക്ടര്‍ എന്തിന് ലീവെടുത്തു എന്നാണ് ഈ വിഷയത്തോട് മന്ത്രി പിന്നീട് പ്രതികരിച്ചത്. എന്തിന് ചടങ്ങിലെ ഒരു ഡോക്ടറുടെ അസാന്നിദ്ധ്യത്തെ നക്‌സല്‍ പ്രസ്ഥാനവുമായി ബന്ധിപ്പിച്ചുവെന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
