പനാജി: ഗോവയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും നിലവിലെ എം.എല്‍.എയുമായ ബാബുഷ് മോണ്‍സറേറ്റിനെതിരെ ബലാല്‍സംഗ കുറ്റത്തിന് കേസ് എടുത്തു. പരാതിക്കാരിയായ നേപ്പാളി പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍. രണ്ടാനമ്മയും മറ്റൊരു സ്ത്രീയും ചേര്‍ന്ന് തന്നെ എം.എല്‍.എയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി എന്‍.ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എം.എല്‍.എയ്ക്ക് എതിരെ പൊലീസ് കേസ് എടുത്തു. 

എം.എല്‍.എയുടെ ബംഗ്ലാവില്‍ വെച്ച് തന്നെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു.'രാവിലെ ഉണര്‍ന്നപ്പോള്‍ പൂര്‍ണ്ണ നഗ്‌നയായി ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു. അടുത്തു തന്നെ എം.എല്‍.എ ഇരിക്കുന്നുണ്ടായിരുന്നു'-പെണ്‍കുട്ടി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

എം.എല്‍.എയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി ഈ വിവരങ്ങള്‍ അറിയിച്ചത്. ബലാല്‍സംഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വീടു വിട്ടു ഇറങ്ങുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. 

കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ബാബുഷ് മോണ്‍സെറേറ്റിനെ ഈയിടെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയിരുന്നു. ബി.ജെ.പിയുമായി ബന്ധമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് കൂറുമാറ്റ നിരോധനപ്രകാരം എം.എല്‍.എയ്‌ക്കെതിരെ നടപടി വന്നു. നിലവില്‍ സ്വതന്ത്ര എം.എല്‍.എയുടെ പദവിയാണ് ഇദ്ദേഹത്തിന്. അതിനിടെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. ബാബുഷ് മോണ്‍സെറേറ്റിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഗോവ പൊലീസ് അറിയിച്ചു. എം.എല്‍.എ ഉടന്‍ അറസ്റ്റിലാവുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

എന്നാല്‍, രാഷ്ട്രീയ പകപോക്കലിനു വേണ്ടിയാണ് പരാതി ഉയര്‍ന്നതെന്ന് എം.എല്‍.എ അറിയിച്ചു. ഒരു ജോലി നല്‍കണമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ തന്നെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. തന്റെ ഹാള്‍ മാര്‍ക്ക് സ്ഥാപനത്തില്‍ ജോലി നല്‍കിയ പെണ്‍കുട്ടിയെ മോഷണ കുറ്റത്തിന് പുറത്താക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന്, മറ്റാരുടെയോ പ്രേരണയില്‍ പെണ്‍കുട്ടി തനിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും മോണ്‍സെറേറ്റ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

എട്ടു വര്‍ഷം മുമ്പ് ഒരു ജന്‍മന്‍ യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ മോണ്‍സറേറ്റിന്റെ മകന്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ പിന്നീട് ഇയാളെ ഒഴിവാക്കുകയായിരുന്നു.