തിരുവനന്തപുരം: ഗോഡ്ഫാദര്‍ വിവാദത്തില്‍ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ പാര്‍ട്ടിയില്‍ ഖേദപ്രകടനം നടത്തി. താന്‍ പറഞ്ഞതെന്ന രീതിയില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ലേഖനത്തില്‍ അച്ചടിച്ച് വന്നതെന്ന് സി.പി.ഐ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. 

ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ 'തനിക്ക് ഗോഡ്ഫാദര്‍ ഇല്ലാത്തതുകൊണ്ടാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തത്' എന്ന് ബിജിമോള്‍ പറഞ്ഞത് വിവാദമായിരുന്നു. മന്ത്രിസ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങളെ പരിഗണിച്ചതില്‍ പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ബിജിമോളുടെ അഭിമുഖം കൂടി പുറത്തുവന്നത്.