നോട്ട് അസാധുവാക്കിയതിന് ശേഷം ഹൈദ്രാബാദില്‍ നടത്തിയ സ്വര്‍ണ്ണബിസ്‌ക്കറ്റ് ഇറക്കുമതിയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടേറ്റ് പിടികൂടിയത്. നവംബര്‍ 8നും 30നും ഇടയില്‍ 2700 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണബിസ്‌ക്കറ്റ് ഹൈദ്രാബാദില്‍ ഇറക്കുമതി ചെയ്തുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് വ്യക്തമാക്കിയത്. അസാധുനോട്ടുകളായ 500,1000 രൂപ ഉപയോഗിച്ചാണ് 8000 കിലോയുടെ ഇടപാട് നടത്തിയത്. അസാധു നോട്ട് സ്വീകരിച്ച് ജുവലറികള്‍ സ്വര്‍ണ്ണവില്‍പ്പന നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് അറിയിച്ചു. 

ഇതിനിടെ രാജ്യവ്യാപകമായി ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്.ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 18 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ കണ്ടെത്തി. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ സൂററ്റില്‍ ഒരു വ്യാപാരിയുടെ വീട്ടില്‍ നിന്നും 1.05 കോടി രൂപ പിടിച്ചെടുത്തു. ഹൈദരാബാദില്‍നിന്നും 70 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകളും പിടിച്ചെടുത്തു. 

ഇതിനിടെ ബംഗളുരുവില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായ പോയ വാഹനവുമായി ഡ്രൈവര്‍ കടന്നു. 20 ലക്ഷം രൂപയുമായി കടന്ന ഡ്രൈവര്‍ക്കായി അന്വേഷണം തുടരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കുന്ന 2000 രൂപയില്‍ കൂടുതലുള്ള സംഭവനകളുടെ ഉറവിടം കൃത്യമായി രേഖപ്പെടുത്തണമെന്നും അല്ലാത്ത സ്വീകരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ നിയമഭേദഗതി കൊണ്ട് വരണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു