പൂനെ: 1.2 കോടി വില മതിക്കുന്ന സ്വര്‍ണ്ണം കൊണ്ടുള്ള ഷര്‍ട്ടിന്റെ ഉടമയായ പൂനെ ബിസിനസുകാരന്‍ കൊല്ലപ്പെട്ടു. മൂന്നര കിലോ ഗ്രാം ഭാരമുള്ള 22 കാരറ്റിന്റെ സ്വര്‍ണ്ണ ഷര്‍ട്ട് അണിഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞ 44 കാരനായ ദത്താത്രേയ ഫൂഗെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്. 

വീട്ടില്‍ വന്ന് ഭര്‍ത്താവിനെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയ ഒരു സംഘമാളുകളാണ് കല്ലും മൂര്‍ച്ചയുള്ള ആയുധങ്ങളും കൊണ്ട് ആക്രമണം നടത്തിയതെന്ന് ദത്താത്രയേ ഫൂഗെയുടെ ഭാര്യയും മുന്‍ എന്‍.സി.പി നഗരസഭാ കൗണ്‍സിലറുമായ സീമ പറഞ്ഞു. ദിഗിയിലെ ഭാരത്മാതാ നഗറിലേക്കുള്ള വഴിയില്‍ വെച്ചായിരുന്നു അക്രമണം. സംഭവസ്ഥലത്തുവെച്ചു തന്നെ ഇദ്ദേഹം കൊല്ലപ്പെട്ടു. 

ചിട്ടിക്കമ്പനി ഉടമയായ ഫൂഗെ നിരവധി പേരില്‍നിന്നും പണം നിക്ഷേപമായി വാങ്ങിയ ശേഷം തിരിമറി നടത്തിയിരുന്നതായി നേരത്തെ ആരോപണമുയര്‍ന്നതായി പൊലീസ് പറഞ്ഞു. ഇതാവണം കൊലയ്ക്കു കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.