ഇക്കൊല്ലം ഇതുവരെ പിടികൂടിയത് 87 കിലോ സ്വര്‍ണം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. രണ്ടര കിലോ സ്വര്‍ണമാണ് ഇന്ന് പിടിച്ചത്. ഇക്കൊല്ലം ഇതുവരെ പിടികൂടിയത് 87 കിലോ സ്വര്‍ണമാണ്. ദുബൈയില്‍ നിന്നും സ്വര്‍ണം കടത്തുകയായിരുന്ന രണ്ട് കോഴിക്കോട് സ്വദേശികളാണ് നെടുന്പാശേരിയില്‍ പിടിയിലായത്. റാഷിദ് എന്നയാളില്‍ നിന്നും പിടിച്ചെടുത്തത് ഒന്നര കിലോ സ്വര്‍ണം. പേസ്റ്റിന്‍റെ രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 

ഉവൈസ് എന്നയാളില്‍ നിന്നും പിടികൂടിയത് ഒരു കിലോ. പാന്‍റിന്‍റെ പോക്കറ്റില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു സ്വര്‍ണക്കട്ടി. ഇക്കൊല്ലം ഇതുവരെ 254 കേസുകളില്‍ നിന്നായി 87 കിലോ സ്വര്‍ണമാണ് നെടുന്പോശരിയില്‍ കസ്റ്റംസ് പിടികൂടിയത്. പിഴയിനത്തില്‍ ലഭിച്ചത് 25 കോടിയിലേറെ രൂപ. ഇലക്ട്രോണിക്സ് ഉല്പന്നങ്ങളും വ്യാപകമായി കടത്തിക്കൊണ്ടുവരുന്നുണ്ട്. 

നികുതി വെട്ടിച്ച് ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്‍ കടത്തിയതിനും വന്‍ തുക പിഴയീടാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഉല്പന്നങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നത് കൂടുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരക്കാരെ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കുമെന്ന് കസ്റ്റംസ് കമ്മീഷ്ണര്‍ സുമിത് കുമാര്‍ പറഞ്ഞു.