Asianet News MalayalamAsianet News Malayalam

ജീവനക്കാരുടെ പ്രതിഷേധം ഫലം കണ്ടു; ലൈംഗികാതിക്രമ പരാതിയില്‍ സുതാര്യത ഉറപ്പുവരുത്തുമെന്ന് ​ഗൂ​ഗിൾ

 വരും ദിവസങ്ങളിൽ നിങ്ങൾ കൊണ്ടുവരുന്ന ആശങ്കകളെ കുറിച്ചും അതിൽ എടുക്കേണ്ട നടപടികളെ കുറിച്ചും സുതാര്യത നിലനിർത്തുമെന്നും പിച്ചൈയുടെ ഇ-മെയിലില്‍ പറയുന്നു. 

google ensurestransparency in sexual asault complaints after the protest by employees
Author
Silicon Valley, First Published Nov 9, 2018, 10:30 AM IST

സിലിക്കൺവാലി: ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് 20,000ത്തോളം ​ജീവനക്കാർ നടത്തിയ പ്രതിഷേധ പ്രകടനത്തിനൊടുവില്‍ ലൈംഗികാതിക്രമണ പരാതികളില്‍ സുതാര്യത വരുത്തി ​ഗൂ​ഗിൾ. ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് വരുന്ന പരാതികളിൽ കൂടുതൽ സുതാര്യത ഉറപ്പ് വരുത്തുമെന്നും കമ്പനി അറിയിച്ചു. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ വ്യാഴാഴ്ച്ച ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഇ-മെയിൽ സന്ദേശത്തിൽ പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിനെ പറ്റിയും പുതിയ പരിഷ്കാരങ്ങളെ പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നിങ്ങൾ കൊണ്ടുവരുന്ന ആശങ്കകളെ കുറിച്ചും അതിൽ എടുക്കേണ്ട നടപടികളെ കുറിച്ചും സുതാര്യത നിലനിർത്തുമെന്നും പിച്ചൈയുടെ ഇ-മെയിലില്‍ പറയുന്നു. അതേ സമയം  ലോകമെമ്പാടും  പടർന്ന് പന്തലിക്കുന്ന  മീ ടു വെളിപ്പെടുത്തലുകളെ പറ്റി ചർച്ച ചെയ്യുമ്പോൾ കമ്പനിക്ക് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ മറ്റുള്ളവർക്ക് മാതൃകയാകാൻ ​ഗൂ​ഗിളിന് കഴിയുമെന്നാണ് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞമാസം ഗൂഗിളിലെ 50 ഓഫീസുകളിലെ ജീവനക്കാർ ഓഫീസിന് പുറത്തിറങ്ങി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. അതിന്റെ ഫലമായാണ്  ഇപ്പോള്‍ എടുത്ത തീരുമാനങ്ങള്‍. ലൈം​ഗികാരോപണ വിവാദം ആരോപിച്ച് ​ഗൂ​ഗിൾ നാൽപത്തിയെട്ട് പേരെ പുറത്താക്കിയിരുന്നു. അതിൽ പതിമൂന്ന് പേർ കമ്പനിയിലെ  മുതിർന്ന ജീവനക്കാരാണെന്ന്  സുന്ദർ പിച്ചൈ പറഞ്ഞിരുന്നു.

ലൈം​ഗികാതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് ആൻഡ്രോയിഡ് ഉപജ്ഞാതാവായ ആൻഡി റൂബിനെയും പുറത്താക്കുകയുണ്ടായി. ലൈം​ഗികാരോപണ പരാതികൾ സത്യമാണെന്ന് തെളിഞ്ഞാൽ പ്രതികൾക്കെതിരെ കർശന നടപടിയായിരിക്കും ​കമ്പനി സ്വീകരിക്കുക എന്നും സുരക്ഷിതമായ തൊഴിലിടം ജീവനക്കാർക്ക് നൽകുക എന്നതാണ് ​ഗൂ​ഗിളിന്റെ ലക്ഷ്യമെന്നും സുന്ദർപിച്ചൈ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios