അലഹാബാദ്:ലോകത്തിലെ 10 കൊടും കുറ്റവാളികളെ ഗൂഗിളില്‍ തെരഞ്ഞാല്‍ ലഭിക്കുന്ന ചിത്രങ്ങളിലൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ ഗൂഗിളിനെതിരെയും കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കാന്‍ അലഹബാദ് കോടതി ഉത്തരവിട്ടു. ഗൂഗിള്‍ സിഇഒയ്ക്കും ഇന്ത്യയിലെ ഗൂഗിള്‍ മേധാവിക്കും നോട്ടീസ് അയക്കാനും അലഹാബാദ് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്. അഭിഭാഷകനായ സുശീല്‍ കുമാര്‍ മിശ്ര നല്‍കിയ പരാതിയിലാണ് കോടതി നടപടി. കേസില്‍ ഓഗസ്റ്റ് 31ന് വാദം തുടരും.

ലോകത്തിലെ 10 കൊടും കുറ്റവാളികളുടെ പട്ടിക ഗൂഗിളില്‍ തിരഞ്ഞാല്‍ വരുന്ന ചിത്രങ്ങളിലൊന്ന് മോദിയേടുതേണെന്ന് കാണിച്ചാണ് മിശ്ര പരാതി നല്‍കിയത്. ഈ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിന് പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. പോലീസിലും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരന്‍ പറയുന്നു.

പരാതിക്കാരന്‍ 2015 നവംബര്‍ മൂന്നിന് അലഹാബാദ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇതേ പരാതി നല്‍കിയിരുന്നെങ്കിലും ഇത് സിവില്‍ കേസാണെന്ന് കാണിച്ച് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഇയാള്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതി നടപടി.