കോഴിക്കോട്: ആദിവാസികുട്ടികളെ സ്കൂളിലെത്തിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ഗോത്രസാരഥി പദ്ധതി താളം തെറ്റുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം സര്‍വീസ് നടത്തിയ വാഹനഉടമകള്‍ക്ക് നല്‍കാനുള്ള വകയില്‍ കുടിശ്ശിക കോടികളാണ്.പദ്ധതിക്കായി പണം വകയിരുത്തിയിട്ടുണ്ടെന്ന് പട്ടികവര്‍ഗ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുമ്പോഴും ഗോത്രസാരഥി പദ്ധതി പലയിടത്തും ഇക്കുറി തുടങ്ങാനായിട്ടില്ല.

ഉള്‍ക്കാടുകളിലും മലകളിലും താമസിക്കുന്ന ആദിവാസിക്കുട്ടികളെ സ്കൂളിലെത്തിക്കാന്‍ വാഹനസൗകര്യമൊരുക്കുന്ന ഗോത്രസാരഥി പദ്ധതി മൂന്ന് വര്‍ഷം മുമ്പാണ് തുടങ്ങിയത്.സ്കൂള്‍ തുറന്ന് മാസമൊന്നുകഴിഞ്ഞിട്ടും കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാന്‍ വാഹനങ്ങളെത്തുന്നില്ല.ഇക്കാരണത്താല്‍ കുട്ടികള്‍ സ്കൂളിലും പോകുന്നില്ല. കഴിഞ്ഞ വര്‍ഷം ഓടിയതിന്റെ കുടിശ്ശിക കിട്ടിയിട്ടേ സര്‍വീസ് നടത്തൂ എന്ന നിലപാടിലാണ് വാഹനമുടമകള്‍.

വയനാട് ജില്ലയില്‍ വാഹനയുടമകള്‍ക്ക് നല്‍കാനുള്ളത് 1 കോടി 19 ലക്ഷം, കണ്ണൂരില്‍ 65 ലക്ഷവും,കോഴിക്കോട് 15 ലക്ഷവും പാലക്കാട് 20 ലക്ഷവും ഇടുക്കിയില്‍ 5 ലക്ഷവും മലപ്പുറം ജില്ലയില്‍ 46,500 രൂപയുമാണ് കുടിശ്ശിക. ഇതില്‍ വയനാടിന് 75 ലക്ഷവും കണ്ണൂരിന് 25 ലക്ഷവും കോഴിക്കോടിന് 5 ലക്ഷവും പാലക്കാടിന് 30 ലക്ഷവും ഇടുക്കിക്ക് 35 ലക്ഷവും മലപ്പുറത്തിന് 5 ലക്ഷവും അനുവദിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

അപ്പോഴും വയനാട്ടും കോഴിക്കോടും കണ്ണൂരും കുടിശ്ശിക തീര്‍ക്കാന്‍ ലക്ഷങ്ങള്‍ വേണം.അധ്യയനവര്‍ഷത്തെ ആദ്യ രണ്ട് മാസം ക്ലാസില്‍ പോകാത്ത കുട്ടികള്‍ പിന്നീട് വാഹനസൗകര്യമൊരുക്കിയാല്‍ കൊണ്ട് സ്കൂളില്‍ പോകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.