ജനസേവ​ ശിശുഭവനെതിരെ കുട്ടികളുടെ മൊഴി ശിശുഭവനില്‍ ശാരീരിക പീഡനമുണ്ടായി ജീവനക്കാരില്‍ ചിലര്‍ അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു പരാതി പറയുന്നവരെ ബെല്‍റ്റുകൊണ്ടും കേബിള്‍ കൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചു മൊഴി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍

കൊച്ചി: ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് പീഡനമെന്ന് സ‍ര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജുവനൈല്‍ ജസ്റ്റിസ് പ്രകാരമുളള രജിസ്ട്രേഷന്‍ സ്ഥാപനത്തിനില്ലെന്നും സ‍ര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലത്തിൻറെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ജനസേവ ശിശുഭവൻ ​ സർക്കാർ ഏറ്റെടുത്ത നടപടി നിയമപരമല്ലെന്നും തിരിച്ചു നൽകാൻ ഉത്തരവിടണമെന്നുമാവശ്യപ്പെട്ട്​ സെ​ക്രട്ടറി സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നൽകിയത്. ശിശുഭവന്‍ അധികൃതര്‍ മനുഷ്യ കടത്താണ് നടത്തുന്നത്. ഇതര സംസ്ഥാനക്കാരായ നൂറ്റിനാല് കുട്ടികളാണ് ജനസേവ ശിശുഭവനിൽ ഉണ്ടായിരുന്നത്. ഇവരില്‍ ചിലരെ കാണാതായി. മെയ് മാസത്തില്‍ ജനസേവയിലെ നാല് കുട്ടികളെ ഭിക്ഷാടനം നടത്തുന്നതിനിടെ തിരൂരിൽ നിന്നും നിന്നും കണ്ടെത്തിയിരുന്നു. കുട്ടികൾ സ്വദേശത്ത് ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയതാണെന്ന ശിശുഭവന്‍റെ വാദം തെറ്റാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

കുട്ടികള്‍ക്ക് ശിശുഭവനില്‍ പീഡനം ഏല്‍ക്കാറുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് വ്യാപകമായി പണപിരിവ് നടത്തുന്നുണ്ട്. സ്ഥാപനത്തിലെ ജീവനക്കാര്‍ കുട്ടികളെ അശ്ലീലചിത്രങ്ങള്‍ കാണിക്കാറുണ്ടെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 1996 മുതൽ പ്രവർത്തിച്ചു വരുന്ന ജനസേവ ശിശുഭവനെതിരെ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ ആടിസ്ഥാന രഹിതമാണെന്നായിരുന്നു ശിശുഭവൻറെ വാദം.