സ്വകാര്യവ്യക്തികള്‍ കയ്യേറിയ വനഭൂമിയുടെ ഏറിയ പങ്കും തിരിച്ചുപിടിക്കാനാവാതെ സര്‍ക്കാര്‍. കയ്യേറ്റ ഭൂമിയുടെ പതിനൊന്ന് ശതമാനം മാത്രമേ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞൂവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കോഴിക്കോട്: സ്വകാര്യവ്യക്തികള്‍ കയ്യേറിയ വനഭൂമിയുടെ ഏറിയ പങ്കും തിരിച്ചുപിടിക്കാനാവാതെ സര്‍ക്കാര്‍. കയ്യേറ്റ ഭൂമിയുടെ പതിനൊന്ന് ശതമാനം മാത്രമേ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുളളൂവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിയമസഭയില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് എണ്ണായിരത്തിലധികം ആളുകളുടെ കൈവശം ഇപ്പോഴും വനഭൂമിയുണ്ട്.

പതിനൊന്ന് ലക്ഷത്തി അന്‍പ്പത്തിരണ്ടായിരത്തി നാല്‍പ്പത്തിനാല് ഹെക്ടര്‍ വനഭൂമിയാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 7801.1 ഹെക്ടര്‍ ഭൂമിയില്‍ കയ്യേറ്റമുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം വനംവകുപ്പില്‍ നിന്ന് കിട്ടിയ രേഖ വ്യക്തമാക്കുന്നത്. കയ്യേറ്റ ഭൂമിയുടെ പതിനൊന്ന് ശതമാനം മാത്രമാണ് തിരിച്ചുപിടിക്കാനായത്. അതായത് 866.9 ഹെക്ടര്‍. പാലക്കാട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, കൊല്ലം സര്‍ക്കിളുകളിലായി ആറായിരത്തിലധികം ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈയിലാണ്. കഴിഞ്ഞയാഴ്ച നിയമസഭയില്‍ വനംമന്ത്രി രേഖാമൂലം നല്‍കിയ കണക്കനുസരിച്ച് 8130 പേരാണ് വനഭൂമി കയ്യേറിയിരിക്കുന്നത്. തിരിച്ചുപിടിക്കാന്‍ ഒരു നടപടിയുമില്ല.

ഉടമസ്ഥാവകാശത്തെ ചൊല്ലി റവന്യൂ വനംവകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് തടസമാകുന്നു. തര്‍ക്കഭൂമിയില്‍ സംയുക്തപരിശോധന നടത്തി തീര്‍പ്പുകല്‍പിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും നടപടികള്‍ ആ വഴിക്കും നീങ്ങുന്നില്ല. കയ്യേറ്റം ഒഴിപ്പിക്കുന്നതിലെ കാലതാമസം എന്തെന്ന് പരിശോധിച്ച് പിന്നീട് മറുപടി നല്‍കാമെന്നാണ് വനം മന്ത്രിയുടെ പ്രതികരണം. അതേസമയം, കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ വിമുഖത കാട്ടുന്ന വനംവകുപ്പ് 2016 മെയ്മാസത്തിന് ശേഷം 9.6 ഹെക്ടറോളം ഭൂമി സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, സ്വകാര്യഗ്രൂപ്പുകള്‍ക്കുമായി വിട്ടുനല്‍കിയിട്ടുണ്ട്. 

റിലയന്‍സ് ഗ്രൂപ്പിനും സ്ഥലം അനുവദിച്ചതായി നിയമസഭയില്‍ നല്‍കിയ രേഖയില്‍ വ്യക്തമാക്കുന്നു. ഇടുക്കി നേര്യമംഗലത്ത് കേബിള്‍ കുഴിച്ചിടാനാണ് 0.02 ഹെക്ടര്‍ ഭൂമി അനുവദിച്ചതെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. പ്രതിഫലം ഈടാക്കി 99 വര്‍ഷത്തേക്കാണ് നല്‍കിയിരിക്കുന്നതെന്നും, ഉടമസ്ഥാവകാശം വകുപ്പിനാണെന്നും വനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

"