ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തിന് ഫീസ് നിശ്ചയിച്ച് സര്‍ക്കാര്‍. 3.5 ലക്ഷം രൂപയാണ് രോഗിയില്‍ നിന്ന് ഈടാക്കുക. ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

ജീവിച്ചിരിക്കെ, ലാഭേച്ഛ ഇല്ലാതെ അവയവം ദാനം ചെയ്യുന്നവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. ഏജന്‍റുമാരെ ഒഴിവാക്കി സര്‍ക്കാരിന്‍റെ മൃതസഞ്ജീവനി നേരിട്ട് ഏജന്‍റായപ്പോള്‍ യൂസര്‍ ഫീ ആയി 2.5 ലക്ഷം രൂപ നല്‍കണമെന്നാണ് ഉത്തരവ്. ഏജന്‍റുമാരുടെ കമ്മീഷന് തുല്യമായോ അതില്‍ കൂടുതലോ ആണ് ഈ യൂസര്‍ഫീ എന്നതിനാല്‍ ഏജന്‍റുമാരെ ഒഴിവാക്കിയതിന്‍റെ ഗുണം രോഗിയ്‌ക്ക് കിട്ടില്ലെന്നാണ് ആരോപണം. എന്നാല്‍ ദാതാവിന്‍റെ ആരോഗ്യ പരിരക്ഷയ്‌ക്കായാണ് ഈ ഫീസെന്നാണ് വിശദീകരണം.

ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട് ദാതാവിനുള്ള എല്ലാ പരിശോധനകളുടേയും ചെലവ് രോഗി വഹിക്കണം. മാത്രവുമല്ല ദാതാവിന് ആജീവനാന്ത ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്. പുതിയ ഉത്തരവ് അനുസരിച്ച് ദാതാവിന് താല്‍പര്യമുള്ള വ്യക്തിക്ക് അവയവം നല്‍കാനാകില്ല. പകരം സര്‍ക്കാര്‍ തീരുമാനിക്കും. ലാഭേച്ഛ ഇല്ലാത്ത ദാതാക്കളെ കണ്ടെത്താന്‍ ആഴ്ചയിലൊരു തവണ മൃത സ‍ഞ്ജീവനി പരസ്യം നല്‍കണം. അവയവദാന ശസ്‌ത്രക്രിയകള്‍ നടത്തുന്ന ആശുപത്രികള്‍ ദാതാവിന്‍റേയും രോഗിയുടേയും കൃത്യമായ രജിസ്ട്രി സൂക്ഷിക്കണം. പുതിയ രീതി നടപ്പാക്കാനായി ആശുപത്രികളുമായി ധാരണാപത്രം ഒപ്പിടാനും തീരുമാനമായി.