സാമൂഹ്യവകുപ്പിന്‍റെ തീരുമാനം തിരിച്ചടിയായി ഗ്രാന്‍റ്  നിലച്ചതോടെ പദ്ധതി നിന്നു

തിരുവനന്തപുരം: കാഴ്ച വൈകല്യമുള്ളവർക്ക് ഐടി അധിഷ്ഠിത പരിശീലനം നൽകാനായി സർക്കാർ തുടങ്ങിയ ഇന്‍സൈറ്റ് പദ്ധതി മുടങ്ങിയിട്ട് ഒരു വർഷം. പദ്ധതിയുടെ ചുമതലയുള്ള ഏജൻസിയുടെ പ്രവർത്തനം പരിശോധിക്കാനെന്ന പേരിൽ പദ്ധതി പൂര്‍ണമായും നിർത്തിവച്ചതോടെ സംസ്ഥാനത്തെ കാഴ്ചാ പരിമിതിയുള്ളവരുടെ പരിശീലനവും നിലച്ചു. 2013 മുതൽ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡാണ് ഇൻസൈറ്റ് പദ്ധതിയുടെ നടത്തിപ്പുകാർ. ഏജൻസിയുടെ പ്രവർത്തനം വിലയിരുത്തിയ ശേഷം ഗ്രാന്റ് നൽകിയാൽ മതിയെന്ന് സാമൂഹ്യ നീതി വകുപ്പ് 2017 ജൂൺ 30 ന് തീരുമാനിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. 

പരിശീലനം നേടിയ എത്രപേര്‍ക്ക് ജോലി കിട്ടിയെന്നതായിരുന്നു വകുപ്പിന്‍റെ പ്രധാന ചോദ്യം. നല്‍കുന്നത് തൊഴില്‍ പരീശിനലമല്ലെന്നും പരസഹായമില്ലാതെ ജീവിക്കാനുളള സഹായമാണെന്നും കാട്ടി വിശദമായ പട്ടിക നല്‍കിയിട്ടും കാര്യമുണ്ടായില്ല. ഗ്രാന്‍റ് മുടങ്ങിയതോടെ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ പരിശീലനങ്ങള്‍ മുടങ്ങി. കാഴ്ചാപരിമിതര്‍ക്കുളള സ്റ്റൈപന്റും നിലച്ചു. ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റിന്റെ പ്രവർത്തനം വിലയിരുത്തുമെന്ന് പറഞ്ഞ സാമൂഹ്യ ക്ഷേമ വകുപ്പാകട്ടെ വര്‍ഷം ഒന്നായിട്ടും നടപടി പൂർത്തിയാക്കിയിട്ടുമില്ല. ഏജന്‍സിയെക്കുറിച്ച് അനുകൂല റിപ്പോര്‍ട്ട് കിട്ടിയാല്‍ ഫണ്ടനുവദിക്കാന്‍ തടസമില്ലെന്ന് സാമൂഹ്യ നീതി വകുപ് സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു. എന്നാല്‍ ഇതിനായുളള ഓഡിറ്റിംഗോ മറ്റ് നടപടികളോ ഇനിയും ആരംഭിച്ചിട്ടുമില്ല. 

ഇന്‍സൈറ്റ് പദ്ധതികൊണ്ട് ജീവിതം മാറി മറഞ്ഞവരില്‍ ഒരാളാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പ്രശാന്ത് കുമാര്‍. എട്ടു വർഷം മുമ്പുണ്ടായ ഒരപകടത്തില്‍ പ്രശാന്തിന്‍റെ കാഴ്ച നഷ്ടമായി. ജീവിതത്തിൽ ഇരുട്ടു നിറഞ്ഞതോടെ കടുത്ത നിരാശയിലായ പ്രശാന്ത് രണ്ടു വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒടുവിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തെത്തുടർന്ന് ഇൻസൈറ്റിൽ പരിശീലനം നേടി. വൈകാതെ സർക്കാർ ജോലിയെന്ന സ്വപ്നവും യാഥാർഥ്യമായി. താനടങ്ങുന്ന നൂറു കണക്കിന് പേരുടെ ജീവിതം മാറ്റി മറിച്ച ഈ പദ്ധതി എന്തിന് നിര്‍ത്തിവയ്ക്കുന്നുവെന്ന് പ്രശാന്തിന് ഇനിയും പിടികിട്ടിയിട്ടില്ല.