ഒന്നര ഏക്കർ സർക്കാർ ഭൂമി കൈയ്യേറി സി.പി.എം. നായനാരുടെ പേരിൽ കെട്ടിടം പണിയുന്നതായി ആരോപിച്ചു സി.പി.ഐക്കാരായ കുടുംബ ശ്രീ വനിതകൾ റവന്യൂ വകുപ്പിന് പരാതി നൽകി.
കാസർകോട്: കാസർകോട് കിനാനൂർ വില്ലേജിൽ ഒന്നര ഏക്കർ സർക്കാർ ഭൂമി കൈയ്യേറി സി.പി.എം. നായനാരുടെ പേരിൽ കെട്ടിടം പണിയുന്നതായി ആരോപിച്ചു സി.പി.ഐക്കാരായ കുടുംബ ശ്രീ വനിതകൾ റവന്യൂ വകുപ്പിന് പരാതി നൽകി. കെട്ടിടം പൊളിച്ചു മാറ്റാനെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ സി.പി.എം. പ്രവർത്തകർ സി.പി.ഐ.വനിതകൾക്ക് നേരെ
അസഭ്യം ചൊരിഞ്ഞത് സംഘർഷത്തിലേക്ക് നീങ്ങി.
പോലീസ് സ്ഥലത്തെത്തി താത്കാലിക പരിഹാരം ഉണ്ടാക്കിയ ശേഷം വിഷയം ജില്ലാ കളക്ടർ മുൻപാകെ ചർച്ചക്ക് വെച്ചു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചായ്യോത്തിന് അടുത്ത് വാഴപന്തൽ എന്നസ്ഥലത്താണ് സി.പി.എമ്മിന്‍റെ ഭൂമി കൈയ്യേറ്റം. കിനാനൂർ വില്ലേജിലെ റീസർവേ നമ്പർ 410 -ൽപ്പെട്ട വാഴപന്തലിലെ ഒന്നര ഏക്കർ സർക്കാർ ഭൂമിയാണ് കൈയ്യേറിയിരിക്കുന്നത്. കൈയ്യേറിയ സ്ഥലത്ത് ഫൈബർ ഷീറ്റ് കൊണ്ട് കോൺക്രീറ്റ് തൂണിൽ നിർമ്മിച്ച കെട്ടിടത്തിന് ഇ.കെ.നായനാർ പുരുഷ സ്വയം സഹായസംഘം എന്ന ബോർഡ് വെച്ചിട്ടുണ്ട്. സി.പി.ഐക്ക് ആധിപത്യമുള്ള വാഴപന്തലിൽ പാർട്ടി വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് നായനാരുടെ പേരിൽ കെട്ടിടം നിർമ്മിച്ചത്. ഇവിടെ നിന്ന് സിപിഎം പ്രവർത്തകർ സ്ത്രീകള്‍ക്ക് നേരെ അസഭ്യവർഷവും അസ്ളീല ശരീരപ്രദർശനവും നടത്താറുണ്ടെന്നും സ്ത്രീകള്‍ ആരോപിച്ചു.
സർക്കാർ ഭൂമി കൈയ്യേറി കെട്ടിടം നിർമ്മിക്കുകയും സ്ത്രീകൾക്ക് നേരെ നടത്തുന്ന അശ്ളീല ശരീര പ്രദർശനവും തടയാനാണ് വാഴപന്തലിലെ സി.പി.ഐക്കാരായ വനിതകൾ റവന്യൂ വകുപ്പിൽ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ കൈയ്യേറ്റ ഭൂമിയിലെ കെട്ടിടം കാണാൻ സ്ഥലത്തെത്തിയ കിനാനൂർ വില്ലേജ് ഓഫീസർ നായനാർ പുരുഷ സ്വയം സഹായ സംഘം പാട്ടത്തിന് വേണ്ടി അപേക്ഷ നൽകിയിട്ടുണ്ട് എന്ന മറുപടി നൽകി കൈയ്യേറ്റക്കാർക്ക് വേണ്ടി വാദിക്കുകയായിരുന്നുവെന്ന് സി.പി.ഐ.നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
എന്നാൽ റവന്യൂ ഭൂമിയിലെ അനധികൃത കെട്ടിടം പൊളിച്ച് മാറ്റണമെന്ന് ജില്ലാ കളക്ടർ വകുപ്പിന് നിർദ്ദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് തഹസിൽദാർ ബുധനാഴ്ച രാവിലെ വാഴപന്തലിൽ എത്തിയെങ്കിലും സ്ഥലത്തെ പ്രാദേശിക സി.പി.എം.നേതാക്കൾ തടഞ്ഞു. ഇതേത്തുടർന്നാണ് പ്രശ്ന പരിഹാരത്തിനായി ജില്ലാകലക്റ്റർ മുൻപാകെ ചർച്ചക്ക് വിളിച്ചിട്ടുള്ളത്. എന്നാൽ സർക്കാർ സ്ഥലമായ വാഴപന്തലിൽ യുവാക്കളുടെ കായിക ശീലം വർദ്ധിപ്പിക്കാനായി കളിസ്ഥലം നിർമ്മാണത്തിനായി 50 സെന്റ് സ്ഥലം പാട്ടത്തിന് അവശ്യപെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് കെട്ടിടം നിർമ്മിച്ചതെന്നും സി.പി.എം.നേതൃത്വം പറഞ്ഞു. സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശം പോലീസ് നിരീക്ഷണത്തിലാണ്.
