ഇടുക്കി: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തെചൊല്ലി ടൂറിസം വിദ്യാഭ്യാസ വകുപ്പുകള്‍ ഏറ്റുമുട്ടി. സ്‌കൂളിന്റെ ഭൂമി കെ.റ്റി.ഡി.സി. കൈയ്യേറിയെന്ന് ആരോപണത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ഭൂമി റവന്യു വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. 

വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ റവന്യു അധിക്യതര്‍ തര്‍ക്കം തീരുംവരെ ഭൂമി ഏറ്റെടുക്കുകയാണെന്ന് വകുപ്പുകളെ അറിയിച്ചു. ഡിസംബര്‍ 14ന് ഇരുവകുപ്പുകളുടെയും ഉത്തരവാദപ്പെട്ടവരെ വിളിച്ചുവരുത്തി ചര്‍ച്ചനടത്തിയാവും ഭൂമി വിട്ടുകൊടുക്കുക. കഴിഞ്ഞ ദിവസം മൂന്നാര്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ ഭൂമി കെ.റ്റി.ഡി.സി കൈയ്യടക്കി വേലിസ്ഥാപിച്ചത് വിവാദമായിരുന്നു. 

സംഭവത്തെ തുടര്‍ന്നെത്തിയ സ്‌കൂള്‍ അധികൃതര്‍ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേത്യത്വത്തില്‍ വേലി പൊളിച്ചുനീക്കി. സ്വന്തംഭൂമിയില്‍ സ്ഥാപിച്ച വേലിയും സി.സി.ടി.വിയും സ്‌കൂള്‍ അധിക്യതര്‍ നശിപ്പിച്ചെന്ന് ആരോപിച്ച് കെ.റ്റി.ഡി.സി അധിക്യതര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പഞ്ചായത്ത് അംഗമുള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസെടുത്തു. പ്രശ്‌നം രൂക്ഷമായതോടെ റവന്യുവകുപ്പ് ഇടപെടുകയായിരുന്നു. തുടര്‍ന്ന് ദവികുളം ഡെപ്യൂട്ടി തഹസില്‍ദ്ദാരുടെ നേത്യത്വത്തിവലെത്തിയ സംഘം ഭൂമി ഏറ്റെടുക്കുകയായിരുന്നു.