10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കിയാണ് തുക കൂട്ടിയത്. 

തൂത്തുക്കുടി: തൂത്തുക്കുടി വെടിവെയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുളള സഹായധനം സര്‍ക്കാര്‍ കൂട്ടി. 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കിയാണ് തുക കൂട്ടിയത്. ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം നാളെ തൂത്തുക്കുടി സന്ദര്‍ശിക്കും. 

അതേസമയം, പൊലീസ് വെടിവയ്പ്പിന് ശേഷം തൂത്തുക്കുടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. സ്റ്റെർലൈറ്റ് പ്ലാൻറ് പൂട്ടിയെന്ന് ഉറപ്പ് നല്‍കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് മരിച്ചവരുടെ ബന്ധുക്കള്‍ ഇപ്പോഴും. എന്നാല്‍ നിരോധനാജ്ഞ സര്‍ക്കാര്‍ പിൻവലിച്ചു.

തൂത്തുക്കുടിയില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നുവെന്നാണ് ജില്ലാ കളക്ടർ സന്ദീപ് നന്തൂരി പറയുന്നത്. 13 പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടം നടത്തിയെന്നാണ് സർക്കാർ കോടതിയെ ധരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ 7 മൃതദേഹങ്ങള്‍ മാത്രമേ പോസ്റ്റ് മോർട്ടം ചെയ്തിട്ടുള്ളൂ എന്നും ബാക്കി ഉള്ളവ പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായി ഒപ്പിട്ട് നല്‍കാൻ ബന്ധുക്കളെ പൊലീസ് നിർബന്ധിക്കുന്നുവെന്നാണ് ആക്ഷേപം. ഈ മാസം 30 വരെ മൃതദേഹങ്ങള്‍ സൂക്ഷിച്ചുവെയ്ക്കാനാണ് ഹൈക്കോടതി നിർദേശം.