ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി വൈകിക്കുകയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഇനിയും നടപടികള്‍ വൈകുകയാണെങ്കില്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയേയും നിയമ സെക്രട്ടറിയേയും കോടതിയില്‍ വിളിച്ച് വരുത്തുമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം ശുപാര്‍ശ ചെയ്ത 77 പേരില്‍ നിന്ന് 34 പേരെ അംഗീകരിച്ചെന്നും 43 പേരുടെ പട്ടിക കൊളീജിയത്തിന് തന്നെ തിരിച്ചയച്ചെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.
ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് മുന്നില്‍ മറ്റ് ഫയലുകള്‍ ഇല്ലെന്നും സര്‍ക്കിരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്തകി കോടതിയെ അറിയിച്ചു. കൊളീജിയം യോഗം ചെര്‍ന്ന് അക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ടി. എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേ സമയം കൊളീജിയം ശുപാര്‍ശ ചെയ്ത 43 പേരെ കേന്ദ്രസര്‍ക്കാര്‍ തള്ളിയത് വീണ്ടും ജുഡീഷ്യറിക്കും സര്‍ക്കാരിനുമിടയില്‍ ഏറ്റുമുട്ടലിന് ഇടയാക്കും.
