തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ മുന്‍വര്‍ഷം വഴിവിട്ട് നടത്തിയ എം.ബി.ബി.എസ് പ്രവേശനത്തിന് സാധൂകരണം നല്‍കാന്‍ സര്‍ക്കാര്‍ ഒത്താശ. സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞ പ്രവേശനത്തിന് അനുമതി നല്‍കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് ശ്രമം. ഇതിനായി സര്‍ക്കാര്‍ നിയമോപദേശം തേടി.
മെഡിക്കല്‍ മാനേജ്മെന്റുകളുടെ കള്ളക്കളിക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് സര്‍ക്കാര്‍ പുറത്തുപറയുന്നത്. എന്നാല്‍ വന്‍ തട്ടിപ്പ് നടത്തിയ രണ്ട് കോളേജുകളെ വഴിവിട്ട് സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മുന്‍വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 150 സീറ്റിലേക്കും പാലക്കാട് കരുണയില്‍ 30 സീറ്റിലേക്കുമാണ് സ്വന്തം നിലക്ക് പ്രവേശനം നടത്തിയത്. ഈ 180 സീറ്റും ജയിംസ് കമ്മിറ്റി റദ്ദാക്കി. ഹൈക്കോടതിയും സുപ്രീം കോടതിയും പിന്നീട് ജെയിംസ് കമ്മിറ്റി തീരുമാനം ശരിവച്ചു. പിന്‍വാതിലിലൂടെയുള്ള ഈ പ്രവേശന നടപടി സാധൂകരിക്കാനാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ നീക്കം.ഇതിനായുള്ള ഓര്‍ഡിനന്‍സ് ഇറക്കുകയാണെന്ന് ആരോഗ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു.
എന്നാല്‍ ചിലമന്ത്രിമാര്‍ നിയമക്കുരുക്കും പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചപ്പോള്‍ വീണ്ടും നിയമോപദേശത്തിന് വിടാന്‍ തീരുമാനിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ മാനേജ്മെന്റുകളെ രക്ഷിക്കാനുള്ള രാഷ്‌ട്രീയ സമ്മര്‍ദ്ദം തന്നെയാണ് ഓര്‍ഡിനന്‍സിലേക്ക് നയിച്ചതെന്നാണ് വിവരം. സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എസ്.എഫ്.ഐയും എ.ഐ.എസ്.എഫും അറിയിച്ചു.
