ആദ്യ മൂന്നു പ്രവൃത്തി ദിവസങ്ങളിൽ വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് സ്കൂളുകളിൽ ശേഖരിക്കും. നശിച്ചു പോയ ടെക്സ്റ്റ് ബുക്ക് മാത്രമാണ് സർക്കാർ നൽകുകയെന്ന പ്രചാരണം ശരിയല്ല. ബാഗ്, നോട്ട്ബുക്ക് എന്നിവയും സർക്കാർ നൽകും. 

ചാലക്കുടി: സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഓണാവധിക്കുശേഷം ഓഗസ്റ്റ് 29നു തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. എല്ലാ സ്കൂളുകളിലും അന്നുതന്നെ അധ്യയനം ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ്
ലക്ഷ്യമിടുന്നത്. പ്രളയദുരിതത്തെ തുടർന്ന് ഒട്ടേറെ ദിവസത്തെ ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇനിയുള്ള അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുത്താനാവില്ലെന്നു മന്ത്രി അറിയിച്ചു.

ആദ്യ മൂന്നു പ്രവൃത്തി ദിവസങ്ങളിൽ വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് സ്കൂളുകളിൽ ശേഖരിക്കും. നശിച്ചു പോയ ടെക്സ്റ്റ് ബുക്ക് മാത്രമാണ് സർക്കാർ നൽകുകയെന്ന പ്രചാരണം ശരിയല്ല. ബാഗ്, നോട്ട്ബുക്ക് എന്നിവയും സർക്കാർ നൽകും. പ്രളയത്തിൽ നശിച്ച ടെക്സ്റ്റ് ബുക്കുകൾക്കു പകരം വിതരണം ചെയ്യാനുള്ളവയുടെ അച്ചടി ഇതിനകം പൂർത്തിയായി. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പു വരുത്തി മാത്രമായിരിക്കും അവിടെ അധ്യയനം ആരംഭിക്കുക. ഇതിനുള്ള പരിശോധന വരുംദിവസങ്ങളിൽ നടത്തും.

ഏതെങ്കിലും സ്കൂളുകളിൽ ദുരിതാശ്വാസ ക്യാംപ് തുടരുന്നുണ്ടെങ്കിൽ അവിടെ നിന്ന് സൗകര്യപ്രദമായ മറ്റൊരിടത്തേയ്ക്ക് ക്യാംപ് മാറ്റുവാൻ ശ്രമിക്കും. ക്യാംപ് തുടരുന്ന സ്കൂളുകളിൽ അധ്യയനം ആരംഭിക്കുന്നതു വൈകും. സ്കൂളുകൾ ആരംഭിക്കുന്നതിന്റെ പ്രധാന തടസമായി ഉന്നയിച്ചത് ശുദ്ധജല ലഭ്യതയാണ്. എല്ലാ സ്കൂളുകളിലെയും വെള്ളപ്പൊക്കത്തിൽ നിറഞ്ഞ കിണറുകൾ വറ്റിക്കേണ്ട ആവശ്യമില്ല. സ്കൂളുകളിലെ കിണറുകളെല്ലാം ഇന്നും നാളെയുമായി ക്ലോറിനേഷൻ നടത്തും. ഓരോ വിദ്യാലയത്തിലും ശുദ്ധജലലഭ്യത സർക്കാർ ഉറപ്പുവരുത്തും. 100 ഡിഗ്രി തിളപ്പിച്ചശേഷം മാത്രമേ കുട്ടികൾക്ക് കുടിക്കാനായി വെള്ളം നൽകാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.