ഹൈവേകള്‍ റണ്‍വേകളാക്കുന്നതിനുള്ള പദ്ധതിക്കുള്ള നിര്‍ദ്ദേശം മന്ത്രാലയത്തിന് ലഭിച്ചതായി ഗട്കരി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യോമ ഗതാഗതം വ്യാപിപ്പിക്കാനും വ്യോമസേനാ വിമാനങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നതുമാണ് ഇതിന്റെ നേട്ടം. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിന് പ്രതിരോധ വകുപ്പിന്റെ അനുമതി വേണം. പ്രതിരോധ വകുപ്പും ഗതാഗതവകുപ്പും ചേര്‍ന്നുള്ള ചര്‍ച്ചകളിലൂടെ മാത്രമെ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശത്തിന് അന്തിമ തീരുമാനം ആകുകയുള്ളു. വിമാനം ഇറങ്ങുന്ന തരത്തില്‍ ഹൈവേകളില്‍ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അത് റണ്‍വേകളായി ഉപയോഗിക്കാനാകുമെന്നാണ് വിദഗ്ദ്ധര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 22 ഹൈവേകള്‍ ഇത്തരത്തില്‍ റണ്‍വേകളായി മാറ്റാനാകുമെന്നാണ് പഠനസംഘത്തിന്റെ നിഗമനം.

2015 മെയില്‍ മഥുരയിലെ യമുന എക്‌സ്‌പ്രസ് വേയില്‍ മിറാഷ്-2000 വിമാനം ഇറക്കി നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. പാകിസ്ഥാനില്‍ 2000 മുതല്‍ ഇത്തരത്തില്‍ ഹൈവേകള്‍ റണ്‍വേകളായി ഉപയോഗിക്കുന്നുണ്ട്. പെഷവാര്‍-ഇസ്ലാമാബാദ്, ഇസ്ലാമാബാദ്-ലാഹോര്‍ എന്നീ ഹൈവേകളിലായി രണ്ടു എമര്‍ജന്‍സി റണ്‍വേകള്‍ ഉണ്ട്. ഈ റണ്‍വേകള്‍ക്ക് 2700 മീറ്റര്‍ നീളമുണ്ട്. ഉറി ഭീകരാക്രമണത്തിന് ശേഷം രണ്ടു ദിവസം ഈ ഹൈവേകള്‍ പൂര്‍ണമായും അടച്ചുകൊണ്ട് വ്യോമസേനാ വിമാനങ്ങള്‍ക്ക് അഭ്യാസം നടത്തുന്നതിന് പാകിസ്ഥാന്‍ ഈ റണ്‍വേകള്‍ ഉപയോഗിച്ചിരുന്നു.