പാമ്പാടി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. കൃഷ്ണദാസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടുനിന്നുവെന്ന വിമര്‍ശനം ജിഷ്ണുവിന്റെ ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നു. ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കണമെന്നാണ് കൃഷ്ണദാസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നതത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്നെ കളക്ടര്‍ വിളിച്ച യോഗം നടന്നിരുന്നു.ഇക്കാര്യം പോലും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കഴിഞ്ഞിരുന്നില്ല. 

കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കൃഷ്ണദാസിന്റെ ജാമ്യം നീട്ടണമെന്ന ആവശ്യം പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതൊഴിവാക്കാനാണ് ഇന്നു തന്നെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനുളള സര്‍ക്കാരിന്റെ നീക്കം. ഹൈക്കോടതിയെ സമീപിക്കുന്നതിനു മുമ്പായി അന്വേഷണ ഉദ്യോഗസ്ഥ കിരണ്‍ നാരായണന്‍, ഡി.ജി.പി മഞ്ചേരി ശ്രീധരന്‍ നായരുമായി കൂടിക്കാഴ്ച നടത്തും. കേസില്‍ പ്രോസിക്യൂട്ടറായി അഡ്വ സി.പി ഉദയഭാനുവിനെ നിയമിക്കാന്‍ തീരുമാനമായിട്ടുണ്ട്. കൊച്ചിയിലെത്തുന്ന എസ്.എസ്‌.പി അഡ്വ ഉദയഭാനുവുമായും കൂടിക്കാഴ്ച നടത്തും. ജിഷ്ണു പ്രണോയ് കോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ജനുവരിയിലാണ് ആത്മഹത്യ ചെയ്തത്.