തിരുവനന്തപുരം: ഒരു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ജിഷ്ണുവിന്റെ കുടുംബം മുന്നോട്ടുവെച്ച ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചാണ് സര്‍ക്കാര്‍ സമരം അവസാനിപ്പിച്ചത്. ഡി.ജി.പി ഓഫീസിന് മുന്നില്‍ തങ്ങളെ കൈയ്യേറ്റം ചെയ്ത പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. ഐ.ജിയുടെ റിപ്പോര്‍ട്ടിനേക്കാള്‍ വലുത് മുഖ്യമന്ത്രിയുടെ വാക്കാണെന്നും അദ്ദേഹം പറഞ്ഞു.

സമരത്തില്‍ തങ്ങളെ സഹായിച്ച എസ്.യു.സി.ഐ നേതാവ് ഷാജര്‍ഖാന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. സമരത്തിന് ഇവരുടെ സഹായം തേടിയിരുന്നെന്ന് ജിഷ്ണുവിന്റെ കുടുംബം സമ്മതിച്ചിരുന്നു. എന്നാല്‍ വി.എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, ഹിമവല്‍ ഭദ്രാനന്ദ എന്നിവരെ തങ്ങള്‍ സമരത്തിന് ക്ഷണിച്ചിരുന്നില്ലെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ റിമാന്റില്‍ തുടരും. ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരം ചെയ്തപ്പോള്‍ പൊലീസ് മര്‍ദ്ദിച്ചുവെന്ന കാര്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ശ്രീജിത്ത് പറഞ്ഞു. സര്‍ക്കാറുമായുണ്ടാക്കിയ ധാരണകള്‍ രേഖാമൂലം എഴുതി ഒപ്പിട്ടുവാങ്ങിയെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.