സര്‍ക്കാരും ഡി.ജി.പി ടി.പി സെന്‍കുമാറും തമ്മിലെ പോര് തുടരുന്നു. സെന്‍കുമാറിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ഇടപെട്ട് സ്ഥലം മാറ്റി. സര്‍ക്കാര്‍ ഉത്തരവിലൂടെ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നത് അസാധാരണ നടപടിയാണ്. 

സെന്‍കുമാറിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എ.എസ്.ഐ അനില്‍കുമാറിനെ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്കാണ് മാറ്റിയത്. വര്‍ഷങ്ങളായി സെന്‍കുമാറിനൊപ്പമുണ്ടായിരുന്ന ഉദ്ദ്യോഗസ്ഥനാണ് അനില്‍കുമാര്‍. നേരത്തെ പൊലീസ് ആസ്ഥാനത്തെ ചില ഉദ്ദ്യോഗസ്ഥരെ സെന്‍കുമാര്‍ സ്ഥലം മാറ്റിയത് സര്‍ക്കാര്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍കുമാറിന്റെ കൂടെയുള്ള ഉദ്ദ്യോഗസ്ഥനെ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് സ്ഥലം മാറ്റുന്നത്. സെന്‍കുമാറിനെതിരെയുള്ള കേസുകളില്‍ അദ്ദേഹത്തിന് ആവശ്യമായ എഴുത്തുകുത്തുകളും മറ്റും നടത്തുന്നത് അനില്‍കുമാര്‍ ആയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയായാണ് ഈ സ്ഥലംമാറ്റം വിലയിരുത്തപ്പെടുന്നത്. 

പൊലീസ് ആസ്ഥാനത്ത് അനില്‍ കുമാറിനെതിരെ നിരവധി പരാതികള്‍ വന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഇനി സെന്‍കുമാര്‍ എന്ത് നടപടിയെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.