ചെന്നൈ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തമിഴ്നാട്ടിൽ സമരം നടത്തുന്ന സർക്കാർ ജീവനക്കാരുമായും  അധ്യാപകരുമായും ചർച്ചയ്ക്ക് തയാറായി തമിഴ്നാട് സർക്കാർ. ജനങ്ങളുടേയും വിദ്യാർത്ഥികളുടേയും പ്രയാസം പരിഗണിക്കണമെന്ന് സർക്കാർ സമരസമിതിയോട് ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് മന്ത്രിമാരെ ചുമതലപ്പെടുത്തുമെന്നും സർക്കാർ അഡ്വക്കേറ്റ് ജനറൽ സമര സമിതിയെ അറിയിച്ചു. 

പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, കേന്ദ്ര സർക്കാരിന്‍റെ ശമ്പള വേതന വ്യവസ്ഥയ്ക്ക് അനുസൃതമായ പരിഷ്കാരം നടപ്പാക്കുക തുടങ്ങിയ പന്ത്രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എന്നാൽ, ഇപ്പോഴത്തെ സാമ്പത്തിക പശ്ചാത്തലത്തിൽ ആവശ്യങ്ങൾ അംഗീകരിക്കാൻ ആകില്ലെന്നാണ് സർക്കാറിന്‍റെ നിലപാട്. 

അച്ചടക്ക നടപടിയുടെ ഭാഗമായി ആയിരത്തോളം അധ്യാപകരെ സസ്പെൻഡ് ചെയ്ത് താൽക്കാലിക അധ്യാപകരെ നിയമിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ന് തൊണ്ണൂറ് ശതമാനത്തോളം അധ്യാപകരും ജോലിക്ക് എത്തിയെന്ന് സർക്കാർ വ്യക്തമാക്കി.