തിരുവനന്തപുരം: മാര്‍ത്തോമ വലിയമെത്രാപ്പോലീത്ത മാര്‍ ക്രിസ്‌റ്റോസ്റ്റത്തിന്റെ മഹാദാനത്തിന്റെ സന്ദേശത്തെ പ്രതീകീര്‍ത്തിച്ച് സര്‍ക്കാരിന്റെ ക്രിസ്മസ് ആശംസ. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെടുത്തിയുള്ള സര്‍ക്കാരിന്റെ ഇംഗ്ലീഷിലും മലയാളത്തിലും ആശംസ കാര്‍ഡിലാണ് തിരുമേനിയുടെ സന്ദേശത്തെ പുകഴ്ത്തുന്നത്. 

വീടില്ലാത്ത പതിനായിരങ്ങള്‍ക്ക് സര്‍ക്കാര്‍ വീടുവച്ചു നല്‍കുമ്പോള്‍ അതില്‍ ഒരു ഭവനം ശതാഭിഷക്തമായ അഭിവാന്ദ്യ മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് ഉപഹാരമായി സമര്‍പ്പിക്കുന്ന ആ ഭവനം നിരാശ്രയകുടുംബത്തിന് തിരുമേനി ദാനം ചെയ്യുമ്പോള്‍ ക്രിസ്മസിന്റെ മഹാസന്ദേശം പിന്നെയും പിറവികൊള്ളുകയാണ് എന്നാണ് കാര്‍ഡിലെ സന്ദേശം. 

ശതാഭിഷിക്തനായ തിരുമേനിയോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ സമ്മാനിച്ച ലൈഫ് മിഷന്‍ പദ്ധിയില്‍ പൂര്‍ത്തിയാകുന്ന ഒരു വീട് അര്‍ഹനായ മറ്റൊരാള്‍ക്ക് നല്‍കിയാണ് മാര്‍ത്തോമ വലിയമെത്രാപ്പോലീത്ത മാതൃകയായത്. 'എനിക്ക് സമ്മാനമായി ലഭിക്കുന്ന വീടിന്റെ താക്കോല്‍ സ്വര്‍ഗത്തിലേക്കുള്ള താക്കോലാണ്. എനിക്കുവേണ്ടത് നരകത്തിലേക്കുള്ള താക്കോലാണ്. അവിടെയാണ് ഒരുപാട് കഷ്ടപ്പെടുന്നവരും വീടില്ലാത്തരവുമുള്ളതെന്നും തനിക്ക് നല്‍കിയ വീട് അര്‍ഹരായ മറ്റൊരാള്‍ക്ക് ദാനം ചെയ്യണം' - എന്നായിരുന്നു തീരുമേനിയുടെ വാക്കുകള്‍.

ക്രിസ്മസിന്റെ ഭാഗമായി തിരുമേനിയെ ഈ മാസം 18 ന് പ്രഭാതഭക്ഷണത്തിനായി ക്ലിഫ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വെച്ച് തിരുമേനിക്ക് സമ്മാനവീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറുകയും ചെയ്തിരുന്നു. ഈ താക്കോല്‍ദാന ചിത്രവും ആശംസകാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വീട് അര്‍ഹനായ മറ്റൊരാള്‍ക്ക് സമ്മാനിക്കണമെന്ന തീരുമേനിയുടെ ആവശ്യത്തെത്തുടര്‍ന്ന് സഭതന്നെ നിര്‍ദ്ദേശിച്ച തിരുവനന്തപുരം ജില്ലയിലെ അമ്പൂരിക്ക് അടുത്ത് കുട്ടാമല കാത്തിരമൂട് സ്വദേശി സജുവിനും കുടുംബത്തിനും സര്‍ക്കാര്‍ വീട് കൈമാറും.